ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിഖ് കാപ്പന് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിക്കാരായ പത്രപ്രവര്‍ത്തക യൂണിയന്‍ വീണ്ടും ആവശ്യപ്പെടും. സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയില്‍ കാപ്പന്റെ ഭാര്യ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.  ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാഥ്‌റസ് യാത്രയ്ക്കിടെ ഒക്ടോബര്‍ അഞ്ചിനാണ് സിദ്ധിഖ് കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്  അറസ്റ്റ് ചെയ്തത്.