സുപ്രീം കോടതിയിൽ അദാനിക്ക് വൻ തിരിച്ചടി, അദാനി ഗ്രൂപ്പിന്‍റെ പ്ലാന്‍റ് പൊളിക്കാം; ട്രൈബ്യൂണൽ ഉത്തരവ് ശരിവെച്ചു
തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കാട്ടിയായിരുന്നു നേരത്തെ ഈ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഇട്ടത്

ദില്ലി: ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് തുടരുന്നതിനിടെ അദാനി ഗ്രൂപ്പിന് മറ്റൊരു വമ്പൻ പ്രഹരം കൂടി. അദാനി ഗ്രൂപ്പിന്‍റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം വ്യക്തമാക്കിയത്. ചെന്നൈയിൽ അദാനി ഗ്രൂപ്പിന്‍റെയും കെ ടി വി ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമായിട്ടുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റാണ് പൊളിക്കണമെന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചത്. തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കാട്ടിയായിരുന്നു നേരത്തെ ഈ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഇട്ടത്. ഈ ഉത്തരവിനാണ് ഇപ്പോൾ സുപ്രീം കോടതിയും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. അഞ്ച് സംഭരണികൾ ആറ് മാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമാക്കിയത്.
അതേസമയം അദാനി ഗ്രൂപ്പ് വൻ പ്രതിസന്ധി നേരിടുന്നതിനിടെ ആദ്യമായി പ്രതികരിച്ച് റിസർവ് ബാങ്കും കേന്ദ്ര സർക്കാറും ഇന്ന് രംഗത്തെത്തി. അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ആർ ബി ഐ വ്യക്തമാക്കിയത്. പ്രതിസന്ധി അദാനിക്ക് മാത്രമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് പ്രതികരിച്ചത്. അതിനിടെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഇതുവരെ അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു എന്നാണ് വ്യക്തമാകുന്നത്. ഓഹരി വിപണിയിൽ അദാനിയുടെ ഭൂരിഭാഗം ഓഹരികളും ഇന്നും നഷ്ടമാണ് നേരിട്ടത്. തുടർച്ചയായ ഇടിവ് തടയാൻ നാഷണൽ സ്റ്റോക് എക്സ് ചേഞ്ചും ഇന്ന് ഇടപെടൽ നടത്തി. അദാനി എന്‍റെർപ്രൈസസ്, അദാനി പോർട്സ് , അംബുജ സിമന്‍റ്സ് എന്നീ സ്റ്റോക്കുകളെ പ്രത്യേക നിരീക്ഷണമുള്ള വിഭാഗത്തിലേക്ക് മാറ്റി. മുഴുവൻ പണവും ആദ്യമേ നൽകാതെ ഈ ഓഹരികളെ ഷോർട് സെല്ലിംഗ് നടത്താൻ നിക്ഷേപകരെ ഇനി അനുവദിക്കില്ല. ഫോബ്സിന്‍റെ ആഗോള ധനികരുടെ പട്ടികയിൽ അദാനി ആദ്യ ഇരുപതിൽ നിന്നും ഇന്ന് പുറത്താകുകയും ചെയ്തു.