കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതോടെ ആളുകള്‍ മാസ്‌കിലും വൈവിധ്യങ്ങളും പരീക്ഷണങ്ങളും ആരംഭിച്ചു. ഇപ്പോഴിതാ ലക്ഷങ്ങള്‍ വിലയുള്ള മാസ്‌കാണ് സൂറത്തിലെ ഒരു ജ്വല്ലറി നിര്‍മ്മിച്ചിരിക്കുന്നത്. 1.5 ലക്ഷം മുതല്‍ 4 ലക്ഷം വരെയാണ് മാസ്‌കിന്റെ വില. ഇത്രയും വിലയുണ്ടാകാന്‍ കാരണമുണ്ട്. ഈ മാസ്‌കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് വജ്രംകൊണ്ടാണ്. 

വിവാഹത്തിന് വധുവിന് ധരിക്കാന്‍ വ്യത്യസ്തമായ മാസ്‌ക് വേണമെന്ന് ആവശ്യപ്പെട്ട് ജ്വല്ലറിയെ ഒരാള്‍ സമീപിച്ചതോടെയാണ് ഇത്തരമൊരു ആശയം മനസ്സില്‍ ഉദിച്ചതെന്നാണ് ജ്വല്ലറി ഉടമ ദീപക് ചോക്‌സി പറയുന്നത്. 

''ലോക്ക്ഡൗണ്‍ നീക്കിയതിന് പിന്നാലെ ഒരാള്‍ ജ്വല്ലറിയിലെത്തുകയും വധുവിനും വരനും വ്യത്യസ്തമായ മാസ്‌ക് തയ്യാറാക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഡിസൈനേഴ്‌സിനോട് മാസ്‌ക് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അദ്ധേഹം അത് വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഈ മാസ്‌ക് കൂടുതലായി ഉണ്ടാക്കുകയായിരുന്നു. പരിശുദ്ധമായ വജ്രവും അമേരിക്കന്‍ വജ്രവുമാണ് മാസ്‌കില്‍ സ്വര്‍ണ്ണത്തിനൊപ്പം ഉപയോഗിച്ചിരിക്കുന്നത്'' ജ്വല്ലറി ഉടമ പറഞ്ഞു. 

അമേരിക്കന്‍ ഡയമണ്ടും സ്വര്‍ണ്ണവും ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്‌കിന്റെ വില 1.5 ലക്ഷം രൂപയാണ്. വൈറ്റ് ഗോള്‍ഡും ശുദ്ധമായ വജ്രവും ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്‌കിന് വില നാല് ലക്ഷം രൂപയുമാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള തുണിമാത്രമാണ് മാസ്‌ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതെന്നും ഉടമ പറഞ്ഞു.