മാധ്യമ വിചാരണ തടയണമെന്നും ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ താല്‍പ്പര്യം കൂടി കേസിന് പിന്നിലുണ്ടെന്നും റിയ ചക്ര‍വര്‍ത്തി വാദിച്ചിരുന്നു.  

ദില്ലി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ബീഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്‍റെ സുഹൃത്ത് റിയ ചക്രവര്‍ത്തി നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി നാളെ വിധി പറയും. ബീഹാര്‍ പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് റിയ ചക്രവര്‍ത്തിയുടെ വാദം. മാധ്യമ വിചാരണ തടയണമെന്നും ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ താല്‍പ്പര്യം കൂടി കേസിന് പിന്നിലുണ്ടെന്നും റിയ ചക്ര‍വര്‍ത്തി വാദിച്ചിരുന്നു.

അതേസമയം ബീഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ച് കേസ് കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. ഇതിനെ മഹാരാഷ്ട്ര സര്‍ക്കാരും എതിര്‍ക്കുകയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടാതെ കേസ് സിബിഐക്ക് വിടാൻ കേന്ദ്രത്തിനാകില്ലെന്നാണ് വാദം. സുശാന്തിന്‍റെ മരണത്തിലെ ദുരൂഹതയെ കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും സിബിഐയും കോടതിയെ അറിയിച്ചിരുന്നു.