ദില്ലി: കോൺഗ്രസിൽ അധികാരം നെഹ്റു കുടുംബത്തിന് മാത്രമെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. നാടകീയ നീക്കങ്ങൾക്കൊടുവിൽ സോണിയ ഇടക്കാല പ്രസിഡന്‍റ് സ്ഥാനത്ത് എത്തുമ്പോള്‍ പ്രിയങ്കയ്ക്കാവുമോ അടുത്ത ബാറ്റൺ എന്ന ചോദ്യവും ഉയരുന്നു. നേതൃത്വമില്ലാതെ ആടിയുലഞ്ഞ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള ബലം തല്‍ക്കാലം നല്കുന്നതാണ് ഈ തീരുമാനം. 

ജൂലൈ ആറിനാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. 35 ദിവസവും കോൺഗ്രസ് ചരടുപൊട്ടിയ പട്ടം പോലെ പറന്നു. പാർലമെന്‍റില്‍ പ്രധാന ബില്ലുകളിൽ ആശയക്കുഴപ്പം. പാർട്ടിയിൽ നിന്ന് വൻ കൊഴിഞ്ഞു പോക്ക്. രാഹുൽ ഗാന്ധി പാർട്ടിയോട് നടത്തുന്ന യുദ്ധപ്രഖ്യാപനമായാണ് അദ്ധ്യക്ഷപദത്തിലേക്കില്ലെന്ന രാഹുലിൻറെ നിലപാടിനെ ചിലർ കണ്ടത്. കോൺഗ്രസിൻറെ എല്ലാ തീരുമാനങ്ങളിലും നാടകീയത പ്രധാന ഘടകമാണ്. കശ്മീർ വിഷയം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് രാഹുലിനെ വിളിച്ചു വരുത്തുന്നു, അവിടെ ആളുകൾ മരിക്കുന്നു എന്ന റിപ്പോർട്ടട് അവതരിപ്പിക്കുന്നു, ഇതല്ലാതെ മറ്റൊന്നു ചർച്ച ചെയ്യാനില്ലെന്ന് പറയുന്ന രാഹുലിനെ സോണിയയും പ്രിയങ്കയും പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുന്നു, കുടുംബത്തിനുള്ളിലെ ചർച്ചയ്ക്കു ശേഷം സോണിയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നു. 

പ്രിയങ്ക ഗാന്ധി എടുത്ത നിലപാട് നിർണ്ണയാകയമായി. അദ്ധ്യക്ഷ കസേരയിൽ സോണിയാഗാന്ധി ഇരുന്നത് 19 വർഷം. പത്തു വർഷം പാർട്ടി ഭരണത്തിലായിരുന്നു. കോൺഗ്രസിന് എന്തു സംഭവിച്ചു എന്ന ഉത്തരം ഈ പത്തു വർഷം നല്കും. അധികാരം പത്ത് ജൻപഥിൽ കേന്ദ്രീകരിച്ചു. നെഹ്റുകുടുംബത്തിൻറെ അപ്രമാദിത്വം അംഗീകരിക്കുക മാത്രമായി കോൺഗ്രസിൽ സ്ഥാനങ്ങൾ നേടാനുള്ള യോഗ്യത. കരുത്തരായ പ്രാദേശികനേതാക്കളെ എല്ലാം ദുർബലരാക്കി. ജഗൻമോഹൻ റെഡ്ഡിയുമായുള്ള തർക്കം കോൺഗ്രസിന് കരുത്തുള്ള ഒരു സംസ്ഥാനത്തിൻറെ വിഭജനത്തിലേക്ക് നയിച്ചു. 

രാഹുൽ ഗാന്ധി അദ്ധ്യക്ഷനായപ്പോൾ സോണിയാഗാന്ധിയുടെ വീട് കേന്ദ്രീകരിച്ച ഒരു സംഘം മുതിർന്ന നേതാക്കളുടെ ബലം ചോർന്നു പോയിരുന്നു. സോണിയ തിരിച്ചെത്തുമ്പോൾ പാർട്ടിയിൽ ആ പഴയ വിഭാഗവും തലപൊക്കും. രാഹുൽ നിയമിച്ച പുതിയ നേതാക്കളുടെ ഭാവി ചോദ്യചിഹ്നമാകും. നാലു നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്നു. കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എന്തു ചെയ്യണം എന്നറിയാതെ പ്രതിപക്ഷം പകച്ചു നില്ക്കുന്നു. 

പ്രതിപക്ഷ നിരയെ വീണ്ടും കൂട്ടിയിണക്കാൻ സോണിയ ശ്രമിച്ചേക്കും. നിയസഭാ തെര‌ഞ്ഞെടുപ്പുകൾ ആശയക്കുഴപ്പമില്ലാതെ പാർട്ടിക്ക് നേരിടാം. എന്നാൽ കുടുംബഭരണത്തിനെതിരായ മോദിയുടെ പ്രചാരണത്തിന് പാർട്ടി ഒരിക്കൽ കൂടി ആയുധം നല്കുന്നു.