ഭോപ്പാൽ: ബിജെപി നേതാവും ഭോപ്പാൽ എംപിയുമായ പ്ര​ഗ്യ സിം​ഗ് ഠാക്കൂറിന്റെ വീട്ടിൽനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കത്ത് കണ്ടെത്തി. ഉറുദുവിൽ എഴുതിയ കത്തിനൊപ്പം തിരിച്ചറിയാനാകാത്ത 'പൊടി'യും ഉണ്ടായിരുന്നു. പ്ര​ഗ്യ സിം​ഗിന്റെ വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്.

ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർക്കും ഫൊറൻസിക് വിദ​ഗ്ധർക്കുമൊപ്പം ഭോപ്പാൽ പൊലീസ് പ്ര​ഗ്യ സിംഗിന്റെ വീട്ടിലേക്ക് എത്തി. വീടും പരിസരവും പരിശോധിച്ച ശേഷം കത്തും പൊടിയും പൊലീസ് ഫൊറൻസിക് സംഘത്തിന് കൈമാറി.

പ്ര​ഗ്യ സിം​​ഗ് ഠാക്കൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ   ചിത്രം ഉൾപ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളിൽ കുറുകെ വരഞ്ഞിട്ടുണ്ട്. 'ചിലപ്പോൾ തീവ്രവാദിക്കളായിരിക്കാം ഈ കത്തയച്ചിരിക്കുന്നത്. എന്നാൽ, താൻ ഇത്തരം ഭീഷണിയിൽ ഭയപ്പെടാൻ പോകുന്നില്ലെന്ന്' പ്ര​ഗ്യ സിം​ഗ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഭോപ്പാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.