കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരി പാര്‍ട്ടി വിട്ടു. നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ച സുവേന്ദു വ്യാഴാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി. ഈ ആഴ്ച അവസാനം അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ സുവേന്ദു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി. സുവേന്ദു അധികാരിയെ പാര്‍ട്ടിയിലെത്തിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. തൃണമൂല്‍ വിമത നേതാക്കളായ ജിതേന്ദ്ര തിവാരി, സുനില്‍ മൊണ്ഡാല്‍ എന്നിവരെയും സുവേന്ദു സന്ദര്‍ശിച്ചിരുന്നു. ഇവരും പാര്‍ട്ടിവിട്ടേക്കുമെന്ന സൂചന ശക്തമാണ്. ഏറെനാളായി അധികാരി പാര്‍ട്ടി യോഗങ്ങളിലോ സര്‍ക്കാര്‍ പരിപാടികളിലോ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജി ബന്ധുക്കളെ പാര്‍ട്ടിയില്‍ ഉന്നത പദവിയിലിരുത്തുന്നുവെന്നാരോപിച്ചാണ് സുവേന്ദു കലഹം തുടങ്ങിയത്.

സുവേന്ദു അധികാരിയെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ തൃണമൂല്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം സുവേന്ദു അധികാരിക്കെതിരെ മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. 10 വര്‍ഷമായി പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും എല്ലാ ആനുകൂല്യവും ലഭിച്ചവര്‍ ഇപ്പോള്‍  പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് മമത പറഞ്ഞത്. നേരത്തെ മമതയുടെ വിശ്വസ്തനായ മുകുള്‍ റോയിയും പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു.