ദില്ലി: അയോഗ്യതാ കേസില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിന് താല്‍ക്കാലിക ആശ്വാസം. പന്നീര്‍ശെല്‍വം ഉള്‍പ്പടെ പതിനൊന്ന് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന കത്തില്‍ സ്പീക്കറുടെ തീരുമാനം വെകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയാണ് ഹര്‍ജി നല്‍കിയിരുന്നത്.

പന്നീര്‍ശെല്‍വം ഉള്‍പ്പടെ പതിനൊന്ന് എംഎല്‍എമാര്‍ക്കും സ്പീക്കര്‍ നോട്ടീസ് അയച്ചെന്നും നടപടി തുടങ്ങിയെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിയമപരമായി തീരുമാനം സ്പീക്കര്‍ കൈക്കൊള്ളുമെന്ന് കോടതി നിരീക്ഷിച്ചു. സമയബന്ധിതമായി സ്പീക്കര്‍ തീരുമാനം എടുക്കണമെന്ന് നേരത്തെ കോടതി ചൂണ്ടികാട്ടിയിരുന്നു.

2017ല്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പന്നീര്‍ശെല്‍വമടക്കമുള്ള വിമത എംഎല്‍എമാര്‍ എടപ്പാടി പളനിസ്വാമിക്കെതിരെ വോട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടികാട്ടി നല്‍കിയ കത്തില്‍ മൂന്ന് വര്‍ഷമായിട്ടും സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന് ആരോപിച്ചാണ് ഡിഎംകെ കോടതിയെ സമീപിച്ചത്.