രണ്ട് പേര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിടുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ പരാതി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ക്യാംപില്‍ പങ്കെടുത്ത അധ്യാപക ദമ്പതികള്‍ ഒരു ദിവസത്തെ ഇടവേളയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായിരുന്ന മീന കുമാരി ഭര്‍ത്താവ് ലല്ലന്‍ റാം എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്യാംപില്‍ പങ്കെടുത്തതിന് പിന്നാലെ ഇരുവരും രോഗബാധിതരാവുകയായിരുന്നു. രണ്ട് പേര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിടുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ പരാതി.
പരിശീലന ക്യാംപില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നിരുന്നില്ലെന്നും സാമൂഹ്യ അകലമോ മാസ്കോ പലരും ധരിച്ചിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞതായാണ് ഇവരുടെ മകന്‍ അനികേത് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. ക്യാംപില്‍ പങ്കെടുത്ത് വന്ന ശേഷം നാല് ദിവസത്തിന് ശേഷമാണ് രക്ഷിതാക്കള്‍ അസുഖബാധിതരായത്. സിദ്ദാര്‍ത്ഥ് നഗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരായ ഇവര്‍ ഏപ്രില്‍ 11 ന് നടന്ന തെരഞ്ഞെടുപ്പ് പരിശീലന ക്യാംപിലാണ് പങ്കെടുത്തത്. ധൂമരിയാഗഞ്ചിലായിരുന്നു ഇവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഹൃദയരോഗ സംബന്ധിയായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന 59 കാരനായ പിതാവ് ക്യാംപില്‍ നിന്ന് മടങ്ങി നാലാം ദിവസം രോഗബാധിതനായി.
ഏപ്രില്‍ 20ഓടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നുവെന്നും അനികേത് പറയുന്നു. ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവായിട്ടും രോഗലക്ഷണം രൂക്ഷമായതിനാല്‍ ആര്‍ടിപിസിആര്‍ പരിശോധന ചെയ്തു. ഇതിന്‍റെ റിസല്‍ട്ട് വരാന്‍ വൈകി. ഗോരഖ്പൂരിലെ പല ആശുപത്രികള്‍ പിതാവിനെ അഡ്മിറ്റ് ചെയ്തില്ലെന്നും അനികേത് പറയുന്നു. കിഡ്നി തകരാറുള്ള അമ്മയും ഇതിന്ടെ രോഗബാധിതയായി. സിദ്ധാര്‍ഥ് നഗറിലെ കൊവിഡ് ആശുപത്രിയിലാണ് മീനകുമാരിയെ പ്രവേശിപ്പിച്ചത്.
അമ്മയെ ഫോണില്‍ വിളിച്ചപ്പോഴൊക്കെ ചികിത്സ ലഭിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നതെന്നും മകളായ പ്രീതി പറയുന്നു. മെയ് നാലിന് മീനകുമാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സാ സൌകര്യങ്ങള്‍ മികച്ചതായിരുന്നെങ്കില്‍ അമ്മയെ രക്ഷപ്പെടുത്താമായിരുന്നുവെന്നും മകള്‍ പറയുന്നു. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ദമ്പതികള്‍ക്കുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
