ദില്ലി: പബ്ജി ഗെയിമിന്റെ അടിമയായിരുന്ന 15 കാരൻ മുത്തച്ഛന്റെ പെൻഷൻ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 2.3 ലക്ഷം രൂപ. ദില്ലിയിലെ തിമർപൂരിലാണ് സംഭവം. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായുള്ള മെസേജ് ശ്രദ്ധയിൽപ്പെട്ട 65കാരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. 

അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുള്ളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിന് ഇരയായി എന്ന് ധരിച്ച് 65കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പേരക്കുട്ടിയുടെ തട്ടിപ്പ് പുറത്തുവന്നത്. അക്കൗണ്ടിൽ നിന്നും പേടിഎം വാലറ്റിലേക്കാണ് രണ്ട് ലക്ഷം രൂപ മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒടിപി വഴിയായിരുന്നു തുക ട്രാൻസ്ഫർ ചെയ്ത് 15 കാരൻ തട്ടിപ്പ് നടത്തിയത്.

അന്വേഷണത്തിൽ പങ്കജ് കുമാർ എന്ന 23കാരന്റെ പേരിലാണ് പേടിഎം വാലറ്റ് എന്ന് കണ്ടെത്തി. 15 കാരന്റെ സുഹൃത്തായിരുന്നു പങ്കജ്. താനല്ല, തന്റെ സുഹൃത്താണ് വാലറ്റ് ഉപയോഗിച്ചതെന്ന് പങ്കജ് പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് 65 കാരന്റെ ചെറുമകൻ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. 

രണ്ട് മാസം കൊണ്ടാണ് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ 15കാരന്‍ കാലിയാക്കിയത്. മുത്തച്ഛന്റെ ഫോണിൽ വന്ന ഒടിപി മെസേജുകൾ ഡിലീറ്റ് ചെയ്ത് താൻ തന്നെയാണെന്ന് 15കാരൻ സമ്മതിച്ചിട്ടുണ്ട്.