നിയമപരമായ വിവാഹ പ്രായം എത്തിയില്ലെങ്കിലും പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ടെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചു. ഭീഷണിയെ തുടർന്ന് സംരക്ഷണം തേടിയ 18-കാരിയുടെയും 19-കാരന്റെയും ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി.

ജയ്പൂർ: നിയമപരമായ വിവാഹ പ്രായം എത്തിയിട്ടില്ലെങ്കിൽ പോലും പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് പേർക്ക് ഒരുമിച്ച് ജീവിക്കാൻ അർഹതയുണ്ടെന്ന് രാജസ്ഥാൻ ഹൈക്കോടതി സുപ്രധാന വിധിന്യായത്തിൽ വ്യക്തമാക്കി. ഭരണഘടനാപരമായ അവകാശങ്ങൾ വിവാഹ പ്രായത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കാൻ കഴിയില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കോട്ടയിൽ നിന്നുള്ള 18 വയസ്സുള്ള ഒരു സ്ത്രീയും 19 വയസ്സുള്ള ഒരു യുവാവും സമർപ്പിച്ച സംരക്ഷണ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനൂപ് ധണ്ട് ഈ നിരീക്ഷണം നടത്തിയത്. 2025 ഒക്ടോബർ 27 മുതൽ തങ്ങൾ ഒരു ലിവ്-ഇൻ കരാറിൽ ഏർപ്പെട്ടതായി ദമ്പതികൾ ബെഞ്ചിനെ അറിയിച്ചു. സ്ത്രീയുടെ കുടുംബം തങ്ങളുടെ ബന്ധത്തെ എതിർക്കുന്നുണ്ടെന്നും ഭീഷണി മുഴക്കിയെന്നും ദമ്പതികൾ ഹർജിയിൽ ആരോപിച്ചു. കോട്ട പൊലീസിൽ പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് അവർ പറഞ്ഞു.

പുരുഷന് 21 വയസ്സ് തികയാത്തതിനാൽ ലിവ്-ഇൻ റിലേഷനിൽ താമസിക്കാൻ അനുവദിക്കരുതെന്ന് വാദിച്ചുകൊണ്ട് സ്റ്റേറ്റ് അഭിഭാഷകൻ ഹർജിയെ എതിർത്തു.

വ്യക്തികൾ വിവാഹപ്രായക്കാരല്ല എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വിധിച്ചു. ഇന്ത്യൻ നിയമപ്രകാരം ലിവ്-ഇൻ ബന്ധങ്ങൾ നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്തിട്ടില്ലെന്നും, ഓരോ പൗരനെയും സംരക്ഷിക്കാൻ സംസ്ഥാനത്തിന് കടമയുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഭീഷണി ആരോപണങ്ങൾ പരിശോധിക്കാനും ആവശ്യമെങ്കിൽ ദമ്പതികൾക്ക് ആവശ്യമായ സംരക്ഷണം നൽകാനും ഭിൽവാര, ജോധ്പൂർ (റൂറൽ) പൊലീസ് സൂപ്രണ്ടുമാരോട് ജസ്റ്റിസ് ധന്ദ് നിർദ്ദേശിച്ചു.