എക്സിറ്റ് പോളുകള്‍ തെലങ്കാനയിൽ പാർട്ടിക്ക് വ്യക്തമായ വിജയം പ്രവചിച്ചതിനാൽ നേതാക്കളെ ഒപ്പം നിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് ശിവകുമാറിനെ ചുമതപ്പെടുത്തിയിരുന്നു.
ഹൈദരാബാദ്: കര്‍ണാകട ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ 10 മന്ത്രമാര്‍ ഹൈദരാബാദില്‍. പാര്‍ട്ടി എംഎല്‍എമാരെ സംരക്ഷിച്ച് നിര്‍ത്തുക എന്ന വലിയ ലക്ഷ്യവുമായാണ് സംഘം ഹൈദരാബാദില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. എക്സിറ്റ് പോളുകള്‍ തെലങ്കാനയിൽ പാർട്ടിക്ക് വ്യക്തമായ വിജയം പ്രവചിച്ചതിനാൽ നേതാക്കളെ ഒപ്പം നിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് ശിവകുമാറിനെ ചുമതപ്പെടുത്തിയിരുന്നു.
ഓരോ എംഎൽഎ സ്ഥാനാർഥികൾക്കും ഒരു പ്രവർത്തകൻ എന്ന നിലയില്‍ വലിയ പ്ലാനിംഗ് ആണ് കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. അതേസമയം, തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. ബിആർഎസ് നേതൃത്വം കുതിരക്കച്ചവടത്തിന് ഇറങ്ങുമെന്ന ഭീതിയിലാണ് ബസുകൾ തയ്യാറാക്കിയത്. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്.
ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നത്. കർണാടകത്തിൽ ഉപമുഖ്യമന്ത്രിയാണ് ഡികെ ശിവകുമാർ. കാര്യങ്ങള്‍ വഷളായാല്‍ സ്വന്തം എംഎൽഎമാരെ കോൺഗ്രസ് കർണാടകത്തിലേക്ക് മാറ്റും. ഇതിനായാണ് ബസുകൾ തയ്യാറാക്കിയത്. എക്സിറ്റ് പോളുകളില്‍ പറഞ്ഞ പോലെ തെലങ്കാനയില്‍ വമ്പൻ കുതിപ്പാണ് കോണ്‍ഗ്രസ് നടത്തുന്നത്.
തുടർ ഭരണമെന്ന ബിആർഎസ് സ്വപ്നം തകർത്ത് തെലങ്കാനയിൽ അധികാരം പിടിക്കാൻ അരയും തലയും മുറുക്കി തന്നെയാണ് ഇക്കുറി കോൺഗ്രസ് രംഗത്തിറങ്ങിയത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ഉറപ്പിച്ച് കഴിഞ്ഞു. ബിആർഎസ് കോൺഗ്രസ് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നെന്നാണ് ഡി കെ ശിവകുമാർ ആരോപിച്ചത്. ജാഗ്രതയോടെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 9ന് സർക്കാർ രൂപീകരണം എന്ന് തെലങ്കാന കോൺഗ്രസ് ഓഫീസിനു മുന്നിൽ ഫ്ലെക്സ് ബോർഡ് പതിച്ചിട്ടുണ്ട്. കോൺഗ്രസ് ജയിക്കും എന്നും ആഘോഷങ്ങൾ ഇതിനകം തുടങ്ങി എന്നും ഫ്ലെക്സ് ബോർഡിൽ പറയുന്നു.
