ദില്ലി: ഇന്ത്യയിലെ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച ഗവണ്‍മെന്‍റ് ഇതര സംഘടന ട്രാന്‍സ്പിരിന്‍സി ഇന്‍റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ട് ബുധാഴ്ച പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ലോക്കല്‍ സര്‍ക്കിള്‍ എന്ന സ്ഥാപനുമായി ചേര്‍ന്ന് രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഏതാണ്ട് 20 ലക്ഷം പേരില്‍ നടത്തിയ സര്‍വേ പ്രകാരമാണ് ടിഐ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം സര്‍വേയില്‍ പങ്കെടുത്ത സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടിയ അഴിമതി നടക്കുന്നത് രാജസ്ഥാനിലാണ്. ഇവിടെ നിന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍ 78 ശതമാനം കൈക്കൂലി കൊടുത്തതായി സമ്മതിക്കുന്നു. രണ്ടാമത് ബീഹാറാണ് ഇവിടെ 75 ശതമാനമാണ് കണക്ക്.

അതേ സമയം ദക്ഷിണേന്ത്യയില്‍ വന്നാല്‍ തെലങ്കാനയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും കൈക്കൂലിയും അഴിമതിയും നിറഞ്ഞ സംസ്ഥാനം എന്നാണ് ടിഐ റിപ്പോര്‍ട്ട് പറയുന്നത്. ഇവിടെ 67 ശതമാനവും കൈമടക്ക് ഇല്ലാതെ കാര്യങ്ങള്‍ നടക്കില്ലെന്ന് പറയുന്നു. ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നവര്‍ റവന്യൂവകുപ്പാണ് എന്നാണ് പറയുന്നത്. 40 ശതമാനവും ഇത് സമ്മതിക്കുന്നു. പൊലീസ് താരതമ്യേന കൈക്കൂലി വാങ്ങുന്നവര്‍ കുറവാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലീസുകാര്‍ക്കിടയില്‍ കൈക്കൂലി നല്‍കേണ്ടി വന്നത് 7 ശതമാനത്തിന് മാത്രമാണ്.

കര്‍ണ്ണാടക-63 ശതമാനം, തമിഴ്നാട് -62 ശതമാനം, ആന്ധ്രപ്രദേശ് -50, കേരളം -10 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്.  കേരളത്തില്‍ കൈക്കൂലി നല്‍കിയാലെ കാര്യം നടക്കൂ എന്ന് പറയുന്നത് വെറും 10 ശതമാനമാണ്. എന്നാല്‍ വസ്തുറജിസ്ട്രേഷന് വേണ്ടിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കുന്നത്. എന്ന് കൈക്കൂലിയുണ്ടെന്ന് പറയുന്ന 10 ശതമാനത്തില്‍ ഭൂരിഭാഗം പറയുന്നു.