നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. വിവരങ്ങൾ ലഭിക്കാതെ മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാരുടെ ദുരിതവും, ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് കരയുന്ന യാത്രക്കാരൻ്റെ വീഡിയോയും ചർച്ചയായതോടെ വ്യോമയാന റെഗുലേറ്റർ ഇൻഡിഗോയെ ചർച്ചയ്ക്ക് വിളിച്ചു.

ദില്ലി: രാജ്യത്തുടനീളം ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായ തടസ്സപ്പെട്ടതിന് തുടർന്ന് നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. യാത്രക്കാർ തങ്ങളുടെ നിസ്സഹായതയും രോഷവും എക്‌സ് പോസ്റ്റുകളായി പങ്കുവയ്ക്കുകയാണ്. വിവരങ്ങളോ സഹായമോ ലഭിക്കാതെയാണ് പല വിമാനത്താവളങ്ങളിലും ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്നത്. ഇൻഫര്‍മേഷൻ സെന്ററുകളിൽ നിന്നോ ബോർഡിംഗ് ഗേറ്റുകളിലും എയർലൈൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് പിന്തുണയോ വ്യക്തമായ അറിയിപ്പുകളോ ലഭിച്ചില്ലെന്ന് നിരവധി യാത്രക്കാർ ആരോപിച്ചു.

ഇതിനിടയിൽ എക്‌സ് ഉപയോക്താവായ ആയുഷ് കുച്ചിയ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഈ വിഷയത്തിലെ പ്രതിഷേധത്തിൻ്റെ മുഖമായി മാറുകയായിരന്നു. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാർക്ക് വിവരമൊന്നും ലഭിക്കാതായപ്പോൾ, ഒരാൾ വിങ്ങിപ്പൊട്ടി. "എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് ദയവായി എന്റെ ബോസിനോട് ആരെങ്കിലും പറയണം," എന്നായിരുന്നു ജോലി നഷ്ടപ്പെടുമോ എന്ന ഭയം കാരണം ആ യാത്രക്കാരൻ കരഞ്ഞുകൊണ്ട് പറഞ്ഞത്.

പല വിമാനങ്ങളും റദ്ദാക്കിയിട്ടും ഡിസ്‌പ്ലേ ബോർഡുകളിൽ 'കൃത്യ സമയം' എന്ന് കാണിച്ചത് വലിയ പ്രതിസന്ധിയുണ്ടാക്കി. 'പൈലറ്റ് എത്തിയില്ല' എന്ന കാരണം പറഞ്ഞാണ് ഒരു വിമാനം വൈകിയതെന്ന് ഒരു യാത്രക്കാരൻ ആരോപിച്ചു. "ഇനി തങ്ങൾക്ക് അവരെ വിശ്വാസമില്ല" എന്ന് ചില യാത്രക്കാര്‍ തുറന്നടിച്ചു. തൻ്റെ ഭാര്യാപിതാവ് അസുഖബാധിതനാണെന്നും അവര്‍ ഒരു വിവരവും നൽകാത്തതിനാൽ നിസ്സഹായനാണെന്നും കുച്ചിയ പറഞ്ഞു.

രാജ്യവ്യാപകമായി തടസ്സം

ഈ വീഡിയോ പ്രചരിച്ചതോടെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ സമാനമായ പരാതികൾ ഉയർന്നു. ഹൈദരാബാദിൽ നിന്നുള്ള ഒരു യാത്രക്കാരൻ ടെർമിനലിലെ കുഴപ്പങ്ങൾ വീഡിയോയിൽ വിവരിക്കുകയും ഇൻഡിഗോയുടെ 'മോശം മാനേജ്‌മെൻ്റിനെ' വിമർശിക്കുകയും ചെയ്തു ബുധനാഴ്ച 100-ൽ അധികം വിമാനങ്ങൾ, പ്രത്യേകിച്ച് ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്ന് മാത്രം ഏകദേശം 600 ഓളം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്ത സാഹചര്യത്തിൽ വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോ പ്രതിനിധികളെ അടിയന്തരമായി ചർച്ചയ്ക്ക് വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഈ കൂടിക്കാഴ്ച നടക്കും.

ഇൻഡിഗോയുടെ വിശദീകരണം

പ്രതിദിനം 2,300-ഓളം വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോ, തടസ്സങ്ങളിൽ ഖേദം പ്രകടിപ്പിച്ചു. സാങ്കേതിക തകരാറുകൾ, ശൈത്യകാല ഷെഡ്യൂളിംഗ്, മോശം കാലാവസ്ഥ, എയർസ്‌പേസ് തിരക്ക്, ക്രൂ റോസ്റ്ററിംഗ് നിയമങ്ങളിലെ പരിഷ്കരണങ്ങൾ എന്നിവയുടെ സംയോജനമാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് എയർലൈൻ കുറ്റപ്പെടുത്തി. തങ്ങൾക്ക് പ്രവചിക്കാനോ തയ്യാറെടുക്കാനോ കഴിയുന്നതിലും വേഗത്തിൽ പ്രശ്നങ്ങൾ വർദ്ധിച്ചുവെന്നും ഇൻഡിഗോ അറിയിച്ചു.