Asianet News MalayalamAsianet News Malayalam

പാക്‌ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ട്വീറ്റ്‌; തരൂര്‍ വീണ്ടും വിവാദത്തില്‍

ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്‌പര്യത്തെയും ടിപ്പുസുല്‍ത്താനോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും പുകഴ്‌ത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

Tharoor's Twitter Praise for Imran Khan Sparks Row
Author
Delhi, First Published May 7, 2019, 10:37 AM IST

ദില്ലി: പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്‌ത്തിയുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂരിന്റെ ട്വീറ്റ്‌ വിവാദമായി. ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്‌പര്യത്തെയും ടിപ്പുസുല്‍ത്താനോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും പുകഴ്‌ത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

ടിപ്പുസുല്‍ത്താനോടുള്ള തന്റെ ആരാധനയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ജന്മദിനമായ മെയ്‌ 4നാണ്‌ ഇമ്രാന്‍ ഖാന്‍ ട്വീറ്റ്‌ ചെയ്‌തത്‌. അടിമത്തത്തെക്കാള്‍ നല്ലത്‌ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദര്‍ശം തന്നെ സ്വാധീനിച്ചെന്ന തരത്തിലാണ്‌ ഇമ്രാന്റെ പോസ്‌റ്റ്‌. ഇതിന്‌ പ്രതികരണമെന്ന നിലയിലാണ്‌ ശശി തരൂരിന്റെ ഇന്നലത്തെ ട്വീറ്റ്‌.

'ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച്‌ അറിയാനുള്ള ഇമ്രാന്‍ ഖാന്റെ താല്‌പര്യം ആത്മാര്‍ത്ഥമാണ്‌, എനിക്ക്‌ നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതല്‍ വയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച്‌ ഓര്‍മ്മിക്കാന്‍ ഒരു പാക്‌ നേതാവ്‌ വേണ്ടി വന്നു എന്നത്‌ അപ്പോഴും നിരാശാജനകമാണ്‌.' ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്‌.


ട്വീറ്റ്‌ വന്നതിന്‌ പിന്നാലെ ബിജെപി വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ്‌ നേതാവ്‌ സിദ്ധരാമയ്യയെ ടാഗ്‌ ചെയ്‌ത്‌ ബിജെപി എംപി ചന്ദ്രശേഖര്‍ ട്വീറ്റ്‌ ചെയ്‌തത്‌ 'നിങ്ങള്‍ക്ക്‌ ഇമ്രാനെ കെട്ടിപ്പിടിക്കാനുള്ള സമയമാണിത്‌. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രിയങ്കരനാവാനുള്ള ഏറ്റവും ഏളുപ്പവഴി അതാണ്‌' എന്നായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌ കര്‍ണാടകയില്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിച്ചു തുടങ്ങിയത്‌ എന്നതിനെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു എംപിയുടെ ട്വീറ്റ്‌.

ഉടന്‍ തന്നെ സിദ്ധരാമയ്യയുടെ മറുപടിയും എത്തി. 'ട്വീറ്റ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ ആലോചിക്കണം. ഞാന്‍ നിങ്ങളുടെ കള്ളന്‍ നരേന്ദ്രമോദിയെപ്പോലെ ശത്രരാജ്യത്തെ പ്രധാനമന്ത്രിയുമൊത്ത്‌ ബിരിയാണി കഴിക്കുന്നില്ല. നേതാക്കന്മാരെ പ്രീണിപ്പെടുത്താന്‍ ആദര്‍ശങ്ങളില്‍ വിട്ടുവീഴ്‌ച്ച ചെയ്യാറുമില്ല. നേതാക്കന്മാരുടെ അടിമയായി ജീവിക്കുന്നതിനേക്കാള്‍ താങ്കള്‍ക്ക്‌ നല്ലത്‌ ടിപ്പുസുല്‍ത്താനെപ്പോലെ മികച്ചൊരു ജീവിതം നയിക്കുകയാണ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ട്വീറ്റ്‌. 2017ല്‍ ലാഹോറിലെത്തി പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെ നേരില്‍ക്കണ്ട മോദിയുെടെ നടപടി സൂചിപ്പിച്ചായിരുന്നു ട്വീറ്റ്‌.

Follow Us:
Download App:
  • android
  • ios