ലക്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും എസ്‍പി നേതാവുമായ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ രാം രാജല്ലെന്നും നാഥുറാം രാജാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ആള്‍ക്കൂട്ടത്തിന് പുറമെ, പൊലീസും നിരപരാധികളെ കൊലപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ മരിച്ച പുഷ്പേന്ദ്ര യാദവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. എന്ത് രാം രാജാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഇത് രാം രാജല്ല, നാഥുറാം രാജാണ്. പൊലീസും ആള്‍ക്കൂട്ടവും നിരപരാധികളെ തല്ലിക്കൊല്ലുകയാണെന്നും അഖിലേഷ് പറഞ്ഞു.

ഉന്നാവ് കേസിലെ പെണ്‍കുട്ടിക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. ചിന്മയാനന്ദ് കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി ജയിലിലാണെന്നും അഖിലേഷ് പറഞ്ഞു.  
ഞായറാഴ്ചയാണ് പുഷ്പേന്ദ്ര യാദവിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. പുഷ്പേന്ദ്ര യാദവ് മണല്‍മാഫിയ തലവനാണെന്നും ട്രക്ക് പിടിച്ചെടുത്തപ്പോള്‍ പൊലീസിന് നേരെ വെടിവെച്ചപ്പോള്‍ തിരിച്ചും വെടിവെച്ചെന്നുമാണ് പൊലീസ് ഭാഷ്യം. 

എന്നാല്‍ പൊലീസിന്‍റെ വാദം കുടുംബം തള്ളി. പൊലീസ് ഓഫിസര്‍ 1.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് വെടിവെച്ച് കൊന്നതെന്ന് ഭാര്യ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പുഷ്പേന്ദ്ര യാദവിന്‍റെ ഭാര്യ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നറിയിപ്പ് നല്‍കി. കേസില്‍ നിരവധി സംശയങ്ങളുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം, അഖിലേഷ് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് ഇത്തരമാരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി വക്താക്കള്‍ പ്രതികരിച്ചു.