ശ്രീനഗര്‍: ജമ്മു കശ്മീരിലെ ട്രാലിൽ മൂന്ന് ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ അടുത്തുള്ള ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജയ്ഷെ മുഹമ്മദ് ടോപ്പ് കമാൻഡർ ഖാരി യാസിർ ഉൾപ്പെടെ മൂന്ന് തീവ്രവാദികൾ ഏറ്റുമുട്ടലിൽ സൈറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദിയാണ് ജയ്ഷ് കമാൻഡറായ ഖാരി യാസിർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുൽവാമ ജില്ലയിലെ വനപ്രദേശത്ത് നിന്ന് നാടോടികളായ ഗുജ്ജാർ സമുദായത്തിലെ രണ്ട് അംഗങ്ങളെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഖാരി യാസിര്‍ ആണെന്ന് തെളിഞ്ഞിരുന്നു.

രാജൗരി ജില്ലയിലെ അബ്ദുൽ ഖദീർ കോഹ്‌ലി, ശ്രീനഗറിലെ ഖോൻമോ പ്രദേശത്തെ മൻസൂർ അഹമ്മദ് എന്നിവരെയാണ് 2019 ഓഗസ്റ്റ് 26 ന് പുൽവാമ ജില്ലയിലെ ട്രാലിലെ വനമേഖലയിൽ നിന്ന് താൽക്കാലിക അഭയകേന്ദ്രമായ 'ധോക്കിൽ' നിന്ന് ജെ.എം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. പിന്നീട് കോഹ്‌ലിയുടെയും അഹമ്മദിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി.