ആർപിഎഫിന്‍റെയും ജിആർപിയുടെയും സിറ്റി പൊലീസിന്‍റെയും സംയുക്ത സംഘമാണ് അക്രമിസംഘത്തെ പിടികൂടിയത്.

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണം റെയിൽവേസ്റ്റേഷനടുത്ത് വച്ച് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേർ പിടിയിൽ. ഇന്നലെ രാത്രിയോടെയാണ് ആന്ധ്രാ പൊലീസിന്‍റെയും ആർപിഎഫിന്‍റെയും സംഘങ്ങൾ ഇവരെ പിടികൂടിയത്. മൂന്നുപേരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് വിശാഖപട്ടണത്തിനടുത്തുള്ള കാഞ്ചരപാളം എന്ന സ്ഥലത്ത് വച്ചാണ് ഇവർ ട്രെയിനിന് കല്ലെറിഞ്ഞത്. മൂന്ന് പേരും മദ്യപിച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ ട്രെയിനിന് കല്ലെറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കല്ലേറിൽ എക്സ്പ്രസിന്‍റെ ഒരു കോച്ചിലെ ചില്ലുകൾ മുഴുവൻ തകർന്നിരുന്നു. പ്രധാനമന്ത്രി ജനുവരി 19 ന് ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന ട്രെയിനിന്‍റെ കോച്ചുകളുടെ ചില്ലുകളാണ് ഇവർ കല്ലെറിഞ്ഞ് തകർത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred