Asianet News MalayalamAsianet News Malayalam

ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾ, ചരിത്രം കുറിച്ച് തമിഴ്നാട്; സമത്വത്തിന്‍റെ പുതുയുഗമെന്ന് സ്റ്റാലിന്‍

സ്ത്രീകള്‍ പൈലറ്റുമാരും ബഹിരാകാശ യാത്രികരുമൊക്കെയാണ് ഇന്ന്. എന്നിട്ടും പല ക്ഷേത്രങ്ങളിലും പൂജാരികളാകാൻ സ്ത്രീകളെ അനുവദിക്കുന്നില്ലെന്ന് എം കെ സ്റ്റാലിന്‍

three women gets training to be  temple priests in tamil nadu SSM
Author
First Published Sep 15, 2023, 12:41 PM IST

ചെന്നൈ: ക്ഷേത്ര പൂജാരിമാരാകാന്‍ മൂന്ന് സ്ത്രീകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പരിശീലനം നല്‍കി. ഇത് ഉൾക്കൊള്ളലിന്‍റെയും സമത്വത്തിന്‍റെയും പുതിയ യുഗത്തെ കുറിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. 

എസ് രമ്യ, എസ് കൃഷ്ണവേണി, എൻ രഞ്ജിത എന്നിവർ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അർച്ചകർ പയിർച്ചിയിലാണ് പരിശീലനം നേടിയത്. മൂന്ന് സ്ത്രീകളും ഒരു വർഷം കൂടി പ്രമുഖ ക്ഷേത്രങ്ങളിൽ പരിശീലനം നേടും. അതിനുശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ അവരെ പൂജാരിമാരുടെ നിയമനത്തിനായി പരിഗണിക്കും.

"സ്ത്രീകള്‍ പൈലറ്റുമാരും ബഹിരാകാശ യാത്രികരുമൊക്കെയാണ് ഇന്ന്. എന്നിട്ടും പല ക്ഷേത്രങ്ങളിലും പൂജാരികളാകാൻ സ്ത്രീകളെ അനുവദിക്കുന്നില്ല. ദേവതകളുടെ ക്ഷേത്രത്തില്‍ പോലും അത് അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു, ഒടുവിൽ മാറ്റം വന്നിരിക്കുന്നു. എല്ലാ ജാതിയിലും ഉള്‍പ്പെട്ടവരെ ഡിഎംകെ സര്‍ക്കാര്‍ പൂജാരിമാരായി നിയമിച്ചു. ഇപ്പോഴിതാ സ്ത്രീകളും ശ്രീകോവിലില്‍ പ്രവേശിക്കുന്നു. ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും ഒരു പുതിയ യുഗം..."- എന്നാണ് എം കെ സ്റ്റാലിന്‍ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത്.

ഗണിതശാസ്ത്രത്തിൽ എംഎസ്‌സി പൂർത്തിയാക്കിയ രമ്യ, എല്ലാ ജാതികളിൽ നിന്നുമുള്ള സ്ത്രീകളെയും പൂജാരി പരിശീലനത്തിന് ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം കണ്ടാണ് പ്രോഗ്രാമിൽ ചേരാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. തനിക്ക് കൗതുകം തോന്നി. എല്ലാ ജോലികളിലും സ്ത്രീകൾ ഉള്ളപ്പോൾ, ഇതും സ്ത്രീകള്‍ക്ക് ചെയ്യാൻ കഴിയണം. മന്ത്രങ്ങൾ പഠിക്കാൻ തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. ഒരു കുട്ടിയെ പരിപാലിക്കുന്നതുപോലെ, തല മുതൽ കാല് വരെ, ഈ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും രമ്യ പറഞ്ഞു.

ഔദ്യോഗികമായി പൂജാരിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഒരു വർഷത്തെ പരിശീലനത്തിന് കൂടി തയ്യാറെടുക്കുകയാണ് ഈ മൂന്ന് സ്ത്രീകള്‍- "വനിതാ പൂജാരിമാരാകുന്നതില്‍ ഞങ്ങള്‍ക്ക് ഒരു ഭയവുമില്ല. കൂടുതൽ സ്ത്രീകൾക്ക് ഈ വിശുദ്ധമായ കടമ ഏറ്റെടുക്കാൻ വഴിയൊരുങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ബാച്ചിൽ മൂന്ന് സ്ത്രീകളടക്കം 22 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരു മാസം മുമ്പ് ആരംഭിച്ച ഏറ്റവും പുതിയ ബാച്ചിൽ 17 പെൺകുട്ടികളുണ്ട്!"

Follow Us:
Download App:
  • android
  • ios