ഡാമിൽ ആഴം കൂടുതലാണെന്ന് ഇവർ മുന്നറിയിപ്പ് നൽകുമ്പോഴേക്കും നാല് യുവാക്കൾ കാല്‍വഴുതി വെള്ളത്തിലേക്ക് വീണിരുന്നു. ഉടൻ തന്നെ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയും രണ്ട് യുവാക്കളെ രക്ഷിക്കുകയും ചെയ്തു.
ചെന്നൈ: ഡാമിൽ കാൽവഴുതി വീണ യുവാക്കളെ രക്ഷിച്ച സ്ത്രീകൾക്ക് കൽപ്പന ചൗള അവാർഡ് നൽകിആദരച്ച് തമിഴ്‌നാട് സർക്കാർ. പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിൽ വീണ യുവാക്കളെയാണ് ഇവർ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. മുങ്ങിത്താഴുന്ന യുവാക്കളെ കണ്ട സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് അവരെ രക്ഷിക്കുകയായിരുന്നു.
സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്. യുവാക്കളെ രക്ഷിച്ചതിന് പിന്നാലെ നിരവധി പേർ സ്ത്രീകളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവർഡ് നൽകിയത്. തിങ്കളാഴ്ചയായിരുന്നു നാല് യുവാക്കൾ അണക്കെട്ടിൽ കാൽവഴുതി വീണത്.
ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടില്‍ എത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴ പെയ്യുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു യുവാക്കളെ സ്ത്രീകൾ കണ്ടത്. ഡാമിൽ ആഴം കൂടുതലാണെന്ന് ഇവർ മുന്നറിയിപ്പ് നൽകുമ്പോഴേക്കും നാല് യുവാക്കൾ കാല്‍വഴുതി വെള്ളത്തിലേക്ക് വീണിരുന്നു.
ഉടൻ തന്നെ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയും രണ്ട് യുവാക്കളെ രക്ഷിക്കുകയും ചെയ്തു. എന്നാൽ വെള്ളത്തിൽ മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹം പിന്നീട് ഫയർഫേഴ്സ് സംഘം കണ്ടെത്തി. പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും ഇവരുടെ വാർത്തകൾ വന്നിരുന്നു. തുടർന്ന് പേരമ്പല്ലൂര്‍ ജില്ലാ ഭരണകൂടം മൂന്നുപേരെയും കൽപ്പന ചൗള അവാർഡിന് നാമനിർദേശം ചെയ്യുകയായിരുന്നു.
"ഈ അവാർഡ് ലഭിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. വളരെ സന്തോഷം തോന്നുന്നു. എന്നാലും, മരിച്ച രണ്ട് യുവാക്കൾ ഞങ്ങൾക്ക് നൊമ്പരമാകുന്നു" സെന്തമിഴ് സെല്‍വി മാധ്യമങ്ങളോട് പറഞ്ഞു. ആളുകൾ അശ്രദ്ധരായിരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
