ബെംഗളുരൂ: വിമതപ്രശ്നത്തിൽ രൂക്ഷമായി നില്‍ക്കുന്നതിനിടെയാണ് വിശ്വാസവോട്ട് തേടാൻ സമ്മതമാണെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിക്കുന്നത്. 10 വിമതരുടെയും സ്പീക്കറുടെയും ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, ചൊവ്വാഴ്ച വരെ സംസ്ഥാനത്തു തൽസ്ഥിതി തുടരാൻ നിർദേശിച്ചതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. ചൊവ്വാഴ്ച രാജി സ്വീകരിക്കാനോ എംഎൽഎമാരെ അയോഗ്യരാക്കാനോ ആകില്ലെന്ന ഉത്തരവ് വന്നതിനു പിന്നാലെയാണ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്.  

റിസോര്‍ട്ട് രാഷ്ട്രീയമെന്ന് ആരോപണമുയരുന്ന കര്‍ണാടകയില്‍ ജനപ്രതിനിധികള്‍ വിമതരാവുന്നതും, ജനപ്രതിനിധികള്‍ മാറി നില്‍ക്കുന്നതും, അനുനയ നീക്കങ്ങളുമെല്ലാം ഇത് ആദ്യത്തെ സംഭവമല്ല. കര്‍ണാടക രാഷ്ട്രീയത്തിലെ നാള്‍വഴികള്‍

1881 - ഇന്ത്യയിൽ ജനാധിപത്യത്തിന് ആദ്യ വിത്ത് പാകിയത് കർണാടകയിലാണ്. 1881 ഓഗസ്തിൽ മൈസൂർ രാജാവ് ചാമരാജ വാഡിയാർ പത്താമന്‍റെ കീഴിൽ ദിവാനായിരുന്ന സി വി രംഗചാർലു രാജ്യത്തെ ആദ്യ പ്രജാ പ്രതിനിധി സഭ രൂപീകരിച്ചു.

1983 – കോൺഗ്രസിലേക്ക് കൂറുമാറാൻ വീരപ്പ മൊയ്‍ലി തനിക്ക് 2 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് ജനതാ പാർട്ടിയിലെ സി ബൈരെ ഗൗഡ ആരോപണം ഉയർത്തി. തെളിവിനായി ബൈര ഗൗഡ വീരപ്പ മൊയ്‍ലിയുമായി നടന്ന സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പ് പുറത്ത് വിട്ടു. പിന്നീട് ഗൗഡയുടെ വാദങ്ങളിൽ പഴുതുകൾ കണ്ടെത്തിയതിനെത്തുടർന്ന് ജുഡിഷ്യൽ കമ്മീഷൻ വീരപ്പ മൊയ്‍ലിയെ കുറ്റവിമുക്തനാക്കി.

1984 ആഗസ്ത് – എൻ ടി രാമറാവുവിന്‍റെ നേതൃത്വത്തിലുള്ള ടിഡിപി സർക്കാരിനെ കേന്ദ്രത്തിലെ ഇന്ദിര ഗാന്ധി സർക്കാർ പിരിച്ചുവിട്ടു. കോൺഗ്രസ് ടിഡിപിയുടെ എംഎൽഎമാരെ റാഞ്ചുമെന്ന് ഭയന്ന് രാമറാവുവും മരുമകൻ എൻ ചന്ദ്രബാബു നായിഡുവും കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെയുടെ സ്റ്റേറ്റ് ഗസ്റ്റുകളായി കർണാടകയിലേക്ക് മാറി. ഒരു കൂട്ടം എംഎൽഎമാർ നന്ദി ഹിൽസിലും ബാക്കിയുള്ളവർ മൈസൂറിലും താമസിച്ചു. കർണാടകയിലെ റിസോർട്ട് രാഷ്ട്രീയം ഇവിടെ മുതല്‍ തുടങ്ങിയതാണ്.  അന്ന് ദ് ഹിന്ദു ദിനപത്രത്തിലെ മുഖപ്രസംഗം ഇതായിരുന്നു. “ If, in the aftermath of this unjust act, the political situation in the state becomes even more murky, it is the Centre and those who have gone along with it in this political destabilisation game who must bear the responsibility ”

1999 – ബെല്ലാരിയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർലമെൻറിലേക്ക് ജനവിധി തേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായി മൽസരിച്ച സുഷമ സ്വരാജിന്‍റെ പ്രചാരണത്തിന് പണമൊഴുക്കിയത് ബെല്ലാരി ഖനി രാജാക്കളായ റെഡ്ഡി സഹോദരങ്ങളായിരുന്നെന്ന് ആരോപണം. 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനാർദ്ദന റെഡ്ഡി ബിജെപിക്ക് പരസ്യമായി പ്രചാരണം നടത്തിയിരുന്നു.

2002 – മഹാരാഷ്ട്രയിലെ കോൺഗ്രസ് മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് തന്‍റെ മന്ത്രിസഭയ്ക്ക് ഭീഷണി നേരിട്ടപ്പോൾ, കോൺഗ്രസ് എംഎൽഎമാരെ കർണാടകയിലേക്ക് മാറ്റിയിരുന്നു. അന്ന് കോൺഗ്രസിന്‍റെ എസ് എം കൃഷ്ണയായിരുന്നു മുഖ്യമന്ത്രി. എംഎൽഎമാരുടെ സംരക്ഷണ ചുമതല അദ്ദേഹം നഗര വികസന മന്ത്രി ഡി കെ ശിവകുമാറിനെ ഏൽപ്പിച്ചു. എംഎൽഎമാരെ ഒരാഴ്ചയോളം ഡി കെ ശിവകുമാർ ഈഗിൾടൺ റിസോർട്ടിൽ പാർപ്പിച്ചു. വിശ്വാസവോട്ടിന്റെ ദിവസം ശിവകുമാർ തന്നെ എംഎൽഎമാരെ മുംബൈയിലെത്തിച്ചു. ഇതോടെ ശിവകുമാർ ഗാന്ധി കുടുംബത്തിന്‍റെ വിശ്വാസം നേടി.

2004 - നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ആകെയുള്ള 224 സീറ്റിൽ 79 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കോൺഗ്രസ്സ് 65ഉം, ജെഡിഎസ് 58 സീറ്റും നേടി. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്താൻ കോൺഗ്രസ്സും ജെഡിഎസും ചേർന്ന് സർക്കാർ രൂപീകരിച്ചു. കോൺഗ്രസ്സിന്റെ എൻ ധരംസിങ് മുഖ്യമന്ത്രിയായും, ജെഡിഎസിന്റെ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. എന്നാൽ 2006 ജനുവരി വരെ മാത്രമേ ഈ സഖ്യം നീണ്ടുനിന്നത്. 

പാർട്ടി നേതാവ് ദേവഗൗഡയുടെ മകൻ എച്ച് ഡി കുമാരസ്വാമി തന്നെ 41 എംഎൽഎമാരെ കൂട്ടി ജെഡിഎസിനെ പിളർത്തി.  ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. ആദ്യ 20 മാസത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിനും അടുത്ത 20 മാസത്തേക്ക് ബിജെപിക്കും എന്നായിരുന്നു കരാർ. ഇതു പ്രകാരം കുമാരസ്വാമി മുഖ്യമന്ത്രിയായും ബിജെപിയുടെ ബി എസ് യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയായും 2006 ഫെബ്രുവരിയിൽ സർക്കാർ രൂപീകരിച്ചു. ഈ സർക്കാർ 2007 ഒക്ടോബർ വരെ നീണ്ടു.

എന്നാൽ കരാർ പ്രകാരം ബിജെപിയുടെ യെദ്യൂരപ്പ മുഖ്യമന്ത്രിയാകേണ്ട സമയം വന്നപ്പോൾ കുമാരസ്വാമി കാലുമാറി. യെദ്യൂരപ്പയും മറ്റു ബിജെപി മന്ത്രിമാരും സർക്കാരിൽനിന്ന് രാജി വെക്കുകയും, സർക്കാരിനുള്ള പിൻതുണ പിൻവലിക്കുകയും ചെയ്തു. തുടർന്ന് കർണാടക, രാഷ്ട്രപതിഭരണത്തിനു കീഴിലാവുകയും ചെയ്തു. പക്ഷെ ജെഡിഎസും ബിജെപിയും ഭിന്നതകൾ മറികടന്ന് വീണ്ടും യോജിക്കാൻ തീരുമാനിച്ചപ്പോൾ രാഷ്ട്രപതി ഭരണം മാറ്റി. നവംമ്പർ 12ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നതിൽ ഒത്തുതീർപ്പാവാതെ ഒരാഴ്ചയ്ക്കകം നവംബർ 19ന് തന്നെ യെദ്യൂരപ്പയ്ക്ക് രാജി വെക്കേണ്ടി വന്നു.

2008 -  ഓപ്പറേഷൻ താമരയുടെ തുടക്കം.  നിയമസഭ തിരഞ്ഞെടുപ്പിൽ 110 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ്  80 സീറ്റും ജെഡിഎസ് 28 സീറ്റും നേടി.  6 പേർ സ്വതന്ത്രർ. കേവല ഭൂരിപക്ഷത്തിന് 3 സീറ്റ് കുറവ്. കുതിരക്കച്ചവടത്തിലൂടെ കോൺഗ്രസിൽ നിന്നും ജനതാദളിൽ നിന്നുമായി 20 എംഎൽഎമാരെ രാജിവെപ്പിച്ച് കേവല ഭൂരിപക്ഷമെന്ന സംഖ്യ 113ൽ നിന്ന് 103 ആയി കുറച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി. രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ചു.

ഈ വിജയം ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ ഗേറ്റ് വേ ആയിരുന്നു.

2011 ജൂലൈ 31 – ഖനന കേസിൽ കുറ്റാരോപിതനായി ലോകായുക്ത കണ്ടെത്തിയതിനെത്തുടർന്ന് യെദ്യൂരപ്പ രാജി വെക്കാൻ നിർബന്ധിതനായി. യെദ്യൂരപ്പ ബിജെപിയിൽ നിന്ന് പുറത്തുവന്ന് കർണാടക ജനപക്ഷ പാർട്ടി രൂപീകരിച്ചു.

2011 ആഗസ്ത് 4 – ഡി വി സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായി.

2012 ജൂലൈ 11 - ഡി വി സദാനന്ദ ഗൗഡ രാജി വെച്ചു.

2012 ജൂലൈ 12 – ജഗദീഷ് ശിവപ്പ ഷെട്ടാർ മുഖ്യമന്ത്രിയായി

2013 – നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു, സിദ്ദരാമയ്യ മുഖ്യമന്ത്രിയായി.

2014 – യെദ്യൂരപ്പയുടെ കെജെപി ബിജെപിയുമായി ലയിച്ചു.

2016 – 40 കോടി രൂപയുടെ അഴിമതി നടന്ന ഖനന കേസിൽനിന്ന് യെദ്യൂരപ്പ ക്ലീൻ ചിറ്റ് നേടി.

2016 ഏപ്രിൽ - യെദ്യൂരപ്പ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ

2017 ആഗസ്ത് – രാജ്യസഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്‍റെ വിജയത്തിന് ഗുജറാത്തിൽ ഭീഷണി ഉയർന്നപ്പോൾ, ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാർക്ക്, കർണാടകയിൽ ജി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ ഈഗിൾടൺ റിസോർട്ടിൽ സുരക്ഷിത താവളമൊരുക്കി. ശിവകുമാറിന്‍റെ വസതിയിലും ഓഫീസിലും ആദായ നികുതി, എൻഫോഴ്സ്മെൻറ് വകുപ്പുകൾ റെയ്ഡുകൾ നടത്തിയെങ്കിലും, വോട്ടെടുപ്പ് ദിവസം ശിവകുമാർ എംഎൽഎമാരെ ഗുജറാത്തിലെത്തിച്ചു, അഹമ്മദ് പട്ടേൽ വിജയിക്കുകയും ചെയ്തു.  

2018 മേയ് 15 – നിയമസഭ തിരഞ്ഞെടുപ്പിൽ, ബിജെപി 104 സീറ്റും, കോൺഗ്രസ് 78 സീറ്റും ജെഡിഎസ് 37 സീറ്റും നേടി. ബിജെപിയെ ഭരണത്തിൽനിന്ന് അകറ്റി നിർത്താൻ കോൺഗ്രസ് ജെഡിഎസുമായി സഖ്യം രൂപീകരിച്ച് ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു.

2018 മേയ് 16 - ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു.

2018 മേയ് 16 - അര്‍ദ്ധരാത്രി സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍. ബി എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. 

2018 മേയ് 17 - യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കി.

2018 മേയ് 18 - മേയ് 19-ന് സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്.

2018 മേയ് 18 - കെജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോട്ടെം സ്പീക്കറായി നിയമിച്ചത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു.
2018 മേയ് 19 - പ്രോട്ടെം സ്പീക്കറെ മാറ്റേണ്ടി വന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്ന് കോടതി. സുതാര്യത ഉറപ്പാക്കാന്‍ വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്.

2018 മേയ് 19 – വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദിയൂരപ്പയുടെ രാജി പ്രഖ്യാപനം.

2018 മേയ് 23 – എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി കോൺഗ്രസ് – ജെഡിഎസ് സഖ്യ സർക്കാർ സത്യപ്രതിജ്ഞ. ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യപ്രകടനം കൂടിയായി സത്യപ്രതിജ്ഞ.

2018 ഒക്ടോബര്‍ 11 - കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് രാജിവച്ചു.

2019  ജനുവരി 14 - കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. എട്ട് കോണ്‍ഗ്രസ് എംഎല്‍മാര്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ബിജെപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് യെദ്യൂരപ്പ. 

2019  ജനുവരി 28 - കോണ്‍ഗ്രസ് എംഎല്‍എമാരുടെ വിമര്‍ശനം പരിധിവിടുന്നതായി ആരോപിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയുടെ രാജി ഭീഷണി. പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടല്‍.  

2019  ഫെബ്രുവരി 08 - ബിജെപി ചേരിയിലേക്ക് പോകാനൊരുങ്ങിയ 4 എംഎല്‍എമാര്‍ക്കെതിരെ കൂറുമാറ്റനിരോധന നിയമപ്രകാരം നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടു. ജെഡിഎസ് എംഎല്‍എയെ യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായ ശബ്ദരേഖ കുമാരസ്വാമി പുറത്തുവിട്ടു.

2019  ഫെബ്രുവരി 10 -  കുമാരിസ്വാമി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്തെന്ന് ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ.

2019  ഫെബ്രുവരി 11 - സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി അന്വേഷണം പ്രഖ്യാപിച്ചു.   

2019 മാര്‍ച്ച് 4 - കോണ്‍ഗ്രസ് നേതാവ് ഉമേഷ് ജാദവ് എംഎല്‍എ സ്ഥാനം രാജിവച്ചു.

2019 മാര്‍ച്ച് 6 - ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നു.

2019 മേയ് 23 - ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ 28-ല്‍ 25 സീറ്റിലും ബിജെപിക്ക് ജയം.

2019 ജൂണ്‍ 30 - കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, ആനന്ദ് സിങ് എന്നിവര്‍ രാജിവച്ചു.

2019 ജൂലൈ 01 – ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വെച്ചു.

2019 ജൂലൈ 6 - ഭരണസഖ്യത്തിലെ 12 എംഎല്‍എമാര്‍ കൂടി രാജിവച്ചു. ( കോൺഗ്രസ് – 9, ജെഡിഎസ് – 3 )

2019 ജൂലൈ 8 – ഒരു കെപിജെപി എംഎൽഎ, ഒരു സ്വതന്ത്ര എംഎൽഎ ( മന്ത്രിസ്ഥാനം രാജിവെച്ച് ) കൂടി ബിജെപി പക്ഷത്തേക്ക് കൂറു മാറി. വിമതരെ അനുനയിപ്പിക്കാനെന്ന ശ്രമമെന്നോണം കോൺഗ്രസിന്‍റെ 21ഉം ജെഡിഎസിന്‍റെ 9 ഉം മന്ത്രിമാർ രാജിവെച്ചു.

2019 ജൂലൈ 9 – ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി നൽകി. രാജി നൽകിയ 14 എംഎൽഎ മാരിൽ 9 പേരുടെ രാജിക്കത്തുകൾ സ്പീക്കർ തള്ളി.

2019 ജൂലൈ 10 – 2 കോൺഗ്രസ് എംഎൽഎമാർ കൂടി രാജി വെച്ചു. ( ആകെ 16 എംഎൽഎമാർ രാജി നൽകി, 1 സ്വതന്ത്രനും ഒരു കെപിജെപി എംഎൽഎയും ബിജെപി പക്ഷത്തേക്ക് കൂറു മാറി )

മുംബൈയിലെ ഹോട്ടൽ റിനൈസന്‍സില്‍ താമസിക്കുന്ന വിമത എംഎൽഎമാരെ കാണാൻ രാവിലെ 8.20ന് എത്തിച്ചേർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിനെയും ജെഡിഎസ് നേതാക്കളായ ജി ടി ദേവഗൗഡയെയും ശിവലിംഗ ഗൗഡയെയും പൊലീസ് തടഞ്ഞു. ശിവകുമാറിനു പിന്തുണയുമായി അവിടെ എത്തിയ മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കളായ മിലിന്ദ് ദിയോറെയെയും സഞ്ജയ് നിരുപത്തെയും നസീം ഖാനെയും പൊലീസ് തടഞ്ഞു. ഡി കെ ശിവകുമാറിനെ പ്രവേശിപ്പിച്ചാൽ തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് കാണിച്ച് വിമത എംഎൽഎമാർ എഴുതിയ കത്ത് കാണിച്ചാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്. ഹോട്ടൽ പരിസരത്ത് പൊലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചു.

2019 ജൂലൈ 11 - സ്പീക്കർ രാജി സ്വീകരിച്ചില്ലെന്ന വിമത എംഎൽഎമാരുടെ ഹർജിയിൽ 10 പേരും 11ന്, വൈകുന്നേരം 6ന് മുൻപായി സ്പീക്കർക്കു മുന്നിൽ ഹാജരായി വീണ്ടും രാജിക്കത്ത് നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. രാജിക്കാര്യത്തിൽ തീരുമാനമെടുത്ത് ജൂലൈ 12ന് അറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവായിട്ടുണ്ട്.

2019 ജൂലൈ 11 – രാജിവെച്ച വിമത എംഎൽഎമാർ വൈകുന്നേരം ബംഗ്ലുരുവിലെത്തി സ്പീക്കർ കെ ആർ രമേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി, 10 വിമത എംഎൽഎമാർ വീണ്ടും രാജി നൽകി.  രാജി ഉടൻ സ്വീകരിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി, നടപടികൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും അറിയിച്ചു.

ജൂലൈ 12ന് തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്ക് എംഎൽഎമാർക്ക് കോൺഗ്രസ് വിപ്പ് നൽകി. നിലവിൽ ഭരണമുന്നണിക്ക് 101 എംഎൽഎമാരും, ബിജെപിക്ക്  1 സ്വതന്ത്രനും 1 കെപിജെപി അംഗവും ഉൾപ്പെടെ 107 എംഎൽഎമാരുമാണുള്ളത്.