രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, എച്ച്1 ബി വിസ ഫീസ് വർധനയിലെ ആശങ്ക, ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന്‍റെ പ്രതികരണം, ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം- ഇന്നത്തെ പ്രധാന വാർത്തകൾ

രാജ്യത്ത് നാളെ മുതൽ സമ്പാദ്യോത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 ശതമാനം ഉൽപന്നങ്ങൾക്കും ഇനി നികുതി 5 ശതമാനം. ആദായ നികുതി ഇളവിനൊപ്പം ജിഎസ്ടി ഇളവും വരുന്നത് സാധാരണക്കാർക്ക് വൻ നേട്ടമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞതാണ് ദേശീയ തലത്തിലെ ഇന്നത്തെ പ്രധാന വാർത്ത. അതിനിടെ കേരളത്തിൽ ആഗോള അയ്യപ്പ സംഗമത്തിലെ പങ്കാളിത്തത്തിൽ രാഷ്ട്രീയപ്പോര് മുറുകുകയാണ്. അന്താരാഷ്ട്ര തലത്തിലാകട്ടെ എച്ച്1 ബി വിസ ഫീസ് വർധനയിലെ ആശങ്ക തുടരുകയാണ്. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന്‍റെ പ്രതികരണം, സൂപ്പർ ഫോറിൽ ഇന്ത്യ-പാക് പോരാട്ടം തുടങ്ങി ഇന്നറിയേണ്ട അഞ്ച് പ്രധാന വാർത്തകൾ

സമ്പാദ്യോത്സവത്തിന് തുടക്കമെന്ന് പ്രധാനമന്ത്രി

നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണെന്നാണ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സുപ്രധാന ജിഎസ്ടി പരിഷ്കാരങ്ങൾ നാളെ മുതൽ രാജ്യത്ത് നടപ്പാവുകയാണ്. പാവപ്പെട്ടവർക്കും മധ്യവർ‌ഗത്തിനും യുവജനങ്ങൾക്കും വനിതകൾക്കും വ്യാപാരികൾക്കുമെല്ലാം ജിഎസ്ടി പരിഷ്കരണം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മധ്യവർഗത്തെ ആവർത്തിച്ച് ഊന്നിയാണ് പ്രധാനമന്ത്രി പ്രസംഗം തുടർന്നത്. രാജ്യത്ത് സമ്പാദ്യോത്സവത്തിന് കൂടി നാളെ തുടക്കമാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാളെ മുതൽ 5%, 18% നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുക. 99% ശതമാനം സാധനങ്ങളും 5% സ്ലാബിൽ വരും. അങ്ങനെ വിലക്കുറവിന്‍റെ വലിയ ആനുകൂല്യമാണ് ജനങ്ങളിലേക്ക് എത്താന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശബരിമലയുടെ വികസനത്തിലേക്ക് വഴി തുറന്നോ അയ്യപ്പ സംഗമം? രാഷ്ട്രീയപ്പോര്

ആഗോള അയ്യപ്പ സംഗമത്തിലെ പങ്കാളിത്തത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. സംഗമം ദയനീയ പരാജയമെന്നാണ് പ്രതിപക്ഷവും ബിജെപിയും പറയുന്നത്. ഇരുകൂട്ടരും ചർച്ചയാക്കുന്നത് സംഗമത്തിലെ ആളില്ലായ്മയാണ്. 4126 പേര്‍ പങ്കെടുത്തെന്നും എതിര്‍ത്തവര്‍ ഒറ്റപ്പെട്ടെന്നും ദേവസ്വം മന്ത്രി പ്രതിരോധിച്ചു. ആളില്ലെന്ന് പറഞ്ഞുള്ള വിമർശനങ്ങളെ എഐയെ വരെ കൂട്ടുപിടിച്ചു പാർട്ടി സെക്രട്ടറി രോഷത്തോടെ നേരിടുകയും ചെയ്തു. പരിപാടി പൊളിഞ്ഞെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. സിപിഎമ്മിനെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ വിശ്വാസികൾ പങ്കെടുക്കാഞ്ഞത് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.

എച്ച്1 ബി വിസ ഫീസ് വർദ്ധന; ആശങ്ക തുടരുന്നു

എച്ച്1 ബി വിസകൾക്ക് നിയന്ത്രമേർപ്പെടുത്തിയ യുഎസ് നടപടിയിൽ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക തുടരുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പല വിഷയങ്ങളിലും വ്യക്തത വരുത്തിയെങ്കിലും പൂർണമായി ആശങ്ക ഒഴിഞ്ഞിട്ടില്ല. നിലവിൽ വിസയുള്ളവർ അമേരിക്കയ്ക്ക് പുറത്ത് യാത്രയിലാണെങ്കിൽ തിരിച്ചെത്തുമ്പോൾ ഈ ഫീസ് അടയ്ക്കേണ്ടതില്ല എന്നുള്ളതാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. ഒപ്പം ഇത് ഒറ്റത്തവണ ഫീസാണെന്നും, നിലവിൽ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറയുന്നു. നിലവിലുള്ള വിസ പുതുക്കാനും ഫീസടയക്കേണ്ട. വിശദീകരണ കുറിപ്പിറക്കിയെങ്കിലും അമേരിക്കൻ കമ്പനികളും ഇന്ത്യൻ ഉദ്യോഗാർത്ഥികളും ആശങ്കയിലാണ്. പുതിയ നീക്കം അമേരിക്കൻ പൗരർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന വൈറ്റ് ഹൗസ് അവകാശവാദത്തിനെതിരെയും വിമർശനം ശക്തമാണ്.

പുരസ്കാര നേട്ടം മലയാള സിനിമയ്ക്ക് സമർപ്പിച്ച് മോഹൻലാൽ

ദാദാ സാഹേബ് പുരസ്കാര നേട്ടം മലയാള സിനിമയ്ക്ക് സമർപ്പിച്ച് മലയാളത്തിന്റെ മോഹൻലാൽ. പുരസ്കാര പ്രഖ്യാപനത്തിന് ശേഷം കൊച്ചിയിലെത്തിയ നടൻ തന്റെ വളർച്ചയിൽ ഒപ്പം നിന്നവർക്കൊപ്പം പുരസ്കാരം പങ്ക് വയ്ക്കുന്നതായി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ആദ്യം വിളിച്ചപ്പോൾ അവിശ്വസനീയമെന്ന് തോന്നി. ഒരു വൈൽഡ് ഡ്രീം. ഒന്നൂടി പറയാമോ എന്ന് അഭ്യർത്ഥിച്ചെന്ന് മോഹൻലാൽ വിശദീകരിച്ചു. 48 വർഷത്തെ അഭിനയ സപര്യയിൽ ഒപ്പം നിന്നവരും മൺമറഞ്ഞ് പോയവരുമായ പ്രതിഭാധനരെ മോഹൻലാൽ ഓർത്തെടുത്തു. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി നേട്ടത്തിനിടയിലും ദൃശ്യം 3 ഷൂട്ടിംഗിനായുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. 

സൂപ്പർ ഫോറിൽ ഇന്ത്യ - പാക് പോരാട്ടം

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ, പാകിസ്ഥാൻ പോരാട്ടം. ഹസ്തദാന വിവാദത്തിന്റെ ചൂടാറിയിട്ടില്ല. ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോൽവിയുടെ മുറിവുണങ്ങിയിട്ടില്ല. ഐസിസിയിൽ നിന്നേറ്റ പ്രഹരത്തിന്റെ നാണക്കേട് മാറിയിട്ടില്ല. മാച്ച് റഫറിയായി ഏഷ്യാ കപ്പിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട അതേ ആൻഡി പൈക്രോഫ്റ്റ്. തോൽവികളുടേയും തിരിച്ചടികളുടേയും കടവും പലിശയുമായി പാകിസ്ഥാൻ വീണ്ടും ഇന്ത്യക്കെതിരെ ഇറങ്ങുകയാണ്. കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക സ്പിന്നർമാരുടെ മികവായിരിക്കും. വ്യക്തിഗത മികവുണ്ടെങ്കിലും ഇന്ത്യക്ക് മുന്നിൽ കളിമറക്കുന്നതാണ് പാകിസ്ഥാന്റെ വെല്ലുവിളി. ട്വന്റി 20യിൽ ഇരുടീമും നേർക്കുനേർ വരുന്ന പതിനഞ്ചാമത്തെ മത്സരമാണിത്. പതിനൊന്നിലും ജയം ഇന്ത്യക്കൊപ്പം. പാകിസ്ഥാന്റെ ആശ്വാസം മൂന്ന് ജയം മാത്രം.