നോയിഡ: തുടര്‍ച്ചയായി ട്രാഫിക് നിയമം ലംഘിച്ചതിന്‍റെ പിഴയടക്കാന്‍ എത്തിയ ഇരുചക്ര വാഹന യാത്രക്കാരന് ഹെല്‍മെറ്റ് നല്‍കി ട്രാഫിക് പൊലീസ്. നോയിഡ സ്വദേശിയായ അങ്കിത് സിംഗിനാണ് പൊലീസ് ഹെല്‍മറ്റ് സമ്മാനമായി നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ മൂന്നു തവണയാണ് ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ഇയാള്‍ക്ക് ട്രാഫിക് പൊലീസ് പിഴ അടിച്ചത്. 

ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് കഴിഞ്ഞ ദിവസമാണ് ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടക്കണമെന്ന മെസേജ് ലഭിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 1000 രൂപ പിഴയടക്കണമെന്നായിരുന്നു മെസേജ്. എന്നാല്‍ പിഴയടക്കാന്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്‍റില്‍ എത്തിയപ്പോഴാണ് മുമ്പ് രണ്ട് തവണ ഇതേകുറ്റത്തിന് പിഴ വരുത്തിയതായി മനസിലായത്. 

'എന്‍റെ സഹോദരിയും പലപ്പോഴും ഇതേ വാഹനമോടിക്കാറുണ്ട്. ഞങ്ങള്‍ക്ക് ഒരു ഹെല്‍മറ്റ് ഉണ്ട് പക്ഷേ സഹോദരി പലപ്പോഴും ഹെല്‍മെറ്റ് ഉപയോഗിക്കാറില്ല. അവരാണ് പിഴ വരുത്തിയതെന്നും അങ്കിത് പറഞ്ഞു. 

ഒരേ മാസത്തില്‍ മൂന്നു തവണ ഹെല്‍മെറ്റില്‍ ഇല്ലാതെ യാത്ര ചെയ്തതിന് പിഴയൊടുക്കേണ്ടി വന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ട മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ 
അങ്കിതിന് ഒടുവില്‍ ഒരു ഹെല്‍മെറ്റ് സമ്മാനമായി നല്‍കുകയായിരുന്നു. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യരുത്. ഇതോര്‍മ്മപ്പെടുത്തുവാന്‍ കൂടിയാണ് ഹെല്‍മറ്റ് നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.