അഗര്‍ത്തല:  എബിവിപിയുടെ കൊടി ഉയര്‍ത്തിയ ത്രിപുര സര്‍വകലാശാല വെെസ് ചാന്‍സലറുടെ നടപടി വിവാദമാകുന്നു. ക്യാമ്പസില്‍ ജൂലെെ 10ന് നടന്ന പരിപാടിയിലാണ് ത്രിപുര വെെസ് ചാന്‍സലര്‍ വിജയകുമാര്‍ ലക്ഷ്മികാന്ത് റാവു ധരുര്‍ക്കര്‍ എബിവിപിയുടെ കൊടി ഉയര്‍ത്തിയത്.

രാഷ്ട്രീയ ബന്ധം ഇക്കാര്യത്തില്‍ ഇല്ലെന്നും എബിവിപി സാമൂഹ്യ-സാംസ്കാരിക സംഘടന മാത്രമാണെന്നുമാണ് സംഭവം വിവാദമായതോടെ വെെസ് ചാന്‍സലറുടെ പ്രതികരണം. സ്വാമി വിവേകാനന്ദന്‍റെ ഷിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ക്ഷണം ലഭിച്ചതോടെയാണ് പരിപാടിക്ക് പോയത്. ദേശവിരുദ്ധ, തീവ്രവാദ സംഘടനയൊന്നുമല്ല എബിവിപി. അതൊരു സാംസ്കാരിക സാമൂഹിക സംഘടനയാണ്. ആ പരിപാടിയില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയ ബന്ധമൊന്നുമില്ലെന്നും വെെസ് ചാന്‍സലര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പക്ഷേ, ചടങ്ങില്‍ പതാക ഉയര്‍ത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അദ്ദേഹം നല്‍കിയില്ല.

പകരം ഇന്ത്യയിലെ നിരവധി സംഘടനകളുമായി തനിക്ക് ബന്ധമുണ്ടെന്ന് വിജയകുമാര്‍ ലക്ഷ്മികാന്ത് പറഞ്ഞു. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പതാക ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളെയും തുറന്ന മനസോടെ പിന്തുണയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മാവോ സേതൂങിന്‍റെയും കാൾ മാർക്സിന്‍റെയും തത്വങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.