ദില്ലി: ഹിന്ദി അറിയില്ലെന്നതിന്‍റെ പേരില്‍ തമിഴ് ഡോക്ടർമാരെ കേന്ദ്രത്തിന്‍റെ ആയുഷ് മന്ത്രാലയം വെബിനാറിൽ നിന്ന് പുറത്താക്കിയെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.  ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയിലെ ഒരു സെക്രട്ടറി തമിഴന്മാരോട് ഹിന്ദി അറിയാത്തതിനാല്‍ ഇറങ്ങിപോകാന്‍ പറയുന്നത് അസാധാരണ സാഹചര്യമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

സര്‍ക്കാറിന് എന്തെങ്കിലും മാന്യത ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഈ സെക്രട്ടറിയെ മാറ്റി ആ സ്ഥാനത്ത് തമിഴനായ ഒരു ജനസേവകനെ വയ്ക്കണം. രാജ്യത്തിന്‍റെ ശക്തമായ ഐക്യം നശിപ്പിക്കാന്‍ ഉറച്ച ടുക്ടാ-ടുക്ടാ സംഘമാണ് ഇവിടെ അധികാരത്തിലുള്ളത് - ശശിതരൂര്‍ പറയുന്നു.

ആയുഷ് വെല്‍നെസ് കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടാനുള്ളവര്‍ക്കായി നടത്തിയ പരിശീലനത്തിനിടെയാണ് ഹിന്ദി മനസിലാകാത്ത തമിഴ്നാട്ടിലെ ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതെന്നാണ് ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 18 മുതല്‍ 20 വരെ നടന്ന വെബിനാറിന് ഇടയിലാണ് തമിഴ് ഡോക്ടര്‍മാര്‍ക്ക് ദുരനുഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350 പേരാണ് വെബിനാറില്‍ പങ്കെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് 37 പേരാണ് വെബിനാറിനായി എത്തിയത്. ഇവരില്‍ ആര്‍ക്കും ഹിന്ദി അറിയില്ലായിരുന്നു. എന്നാല്‍ വെബിനാറിലെ ഭൂരിഭാഗം സെഷനുകളിലേയും ഭാഷാ മാധ്യമം ഹിന്ദിയായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കുന്നത്. മൂന്നാം ദിവസം ആയുഷ് മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് കോട്ടേച്ചാ ഹിന്ദിയില്‍ പ്രഭാഷണം തുടങ്ങി. മനസിലാവാതെ വന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അഭ്യര്‍ത്ഥിച്ചതോടെയാണ് വെബിനാറില്‍ നിന്ന് പുറത്ത് പോകാന്‍ രാജേഷ് കോട്ടേച്ചാ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.