Asianet News MalayalamAsianet News Malayalam

13 വർഷം, നിർമ്മാണത്തിന് 70 കോടി രൂപ; നിയന്ത്രിത സ്ഫോടനത്തിൽ മൂക്കു കുത്തി ഇരട്ടക്കെട്ടിടങ്ങൾ; ഇനിയെന്ത്?

മൂവായിരത്തി എഴുന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ 9400 സുഷിരങ്ങളിലായാണ് കെട്ടിടത്തിന്‍റെ ഭിത്തികളില്‍ നിറച്ചത്. കൃത്യം രണ്ടരയ്ക്ക് തന്നെ ഇമചിമ്മുന്ന സമയംകൊണ്ട് 13 വർഷമെടുത്ത് 70 കോടി രൂപ കൊണ്ട് പണിതുയർത്തിയ ട്വിന്‍ ടവർ തവിടുപൊടിയായി...

twin tower demolished in controlled explosion
Author
First Published Aug 30, 2022, 3:21 PM IST

ദില്ലി: രാജ്യത്തെ ഏറ്റവും വലുതും സങ്കീർണവുമായ നിയന്ത്രിത സ്ഫോടനത്തിലൂടെ നോയിഡ സെക്ടർ 93 എ യിലെ ഇരട്ടകെട്ടിടങ്ങൾ മൂക്കുകുത്തി. പക്ഷേ നടപടികളൊന്നും അവസാനിച്ചിട്ടില്ല. നൂറ് മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നത് ലോകത്ത് തന്നെ അപൂർവമാണ്. ട്വിന്‍ ടവർ ഡെമോളിഷിലൂടെ ഇന്ത്യയും ആ പട്ടികയിലേക്കെത്തുകയാണ്. 

2009 മുതല്‍ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളും നിയമ പോരാട്ടങ്ങൾക്കും ശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കെട്ടിടം പൊളിക്കാന്‍ അന്തിമ ഉത്തരവായത്. തുടർന്നും നടപടികൾ നീണ്ടു. അഞ്ച് മാസമെടുത്തു സ്ഫോടനത്തിനായി കെട്ടിടത്തെ ഒരുക്കാന്‍. ഭിത്തികൾ പൊളിച്ച് മാറ്റിയതിലൂടെ കെട്ടിടം ചിതറി തെറിക്കാനുള്ള സാധ്യത പരമാവധി കുറച്ചു. മൂവായിരത്തി എഴുന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ 9400 സുഷിരങ്ങളിലായാണ് കെട്ടിടത്തിന്‍റെ ഭിത്തികളില്‍ നിറച്ചത്. കൃത്യം രണ്ടരയ്ക്ക് തന്നെ ഇമചിമ്മുന്ന സമയംകൊണ്ട് 13 വർഷമെടുത്ത് 70 കോടി രൂപ കൊണ്ട് പണിതുയർത്തിയ ട്വിന്‍ ടവർ തവിടുപൊടിയായി. 

2020 ജനുവരിയില്‍ മരടിലെ മഹാ പൊളിക്കല്‍ ദൗത്യം കണ്ട മലയാളിക്ക് നോയിഡയിലെ കാഴ്ച അത്ര പുതുമയുള്ളതല്ല. പക്ഷേ നോയിഡയിലെ ട്വിന്‍ ടവർ രാജ്യമെമ്പാടുമുള്ള മാധ്യമങ്ങളില്‍ ആഴ്ചകൾക്ക് മുന്‍പേ വാർത്തകളില്‍ നിറഞ്ഞിരുന്നു. പൊളിക്കുന്നത് കാണാന്‍ നോയിഡയിലേക്ക് വിദൂര ഗ്രാമങ്ങളില്‍നിന്നുപോലും ആളുകൾ ഒഴുകിയെത്തിയതോടെ പോലീസ് അപകടം മണത്തു. രണ്ടേകാലോടെ എക്സ്പ്രസ് ഹൈവേ അടച്ചു, പോലീസ് ആളുകളെ പ്രദേശത്തുനിന്നും 1 കിമീ ദൂരേക്ക് മാറ്റി. മാധ്യമങ്ങൾ തമ്പടിച്ചിരുന്ന സമീപത്തെ ഫ്ലൈ ഓവറിന് മുകളില്‍നിന്നും പോലീസ് ആളുകളെ മാറ്റി. പക്ഷേ സമീപത്തെ ഗ്രാമങ്ങളിലുള്ളവരെ മാറ്റാന്‍ പോലീസിനാകുമായിരുന്നില്ല. ടവറില്‍നിന്നും മുന്നൂറ് മീറ്റർ മാത്രമകലെയുള്ള ഗേജ, ശർമിക് കുഞ്ച് തുടങ്ങിയ ഗ്രാമത്തിലുണ്ടായിരുന്നവർ അവരുടെ പഴയ വീടുകളുടെ ടെറസിലും മട്ടുപ്പാവിലും മുറ്റത്തും വരെയിരുന്ന് സ്ഫോടനം ചെറുചിരിയോടെ കണ്ടു. സൈറൺ മുഴങ്ങിയ സമയത്ത് കാണാന്‍ മതിലിനു മുകളിലും മറ്റും കയറിയ സമീപത്തെ കുട്ടികളെ ഓടിക്കാന്‍ നോയിഡ പോലീസ് ശരിക്കും പാടുപെട്ടു. 

twin tower demolished in controlled explosion

സ്ഫോടനം നടത്തുന്നതിന് തൊട്ടുമുന്‍പ് ഗ്രാമവാസികളോട് നിങ്ങൾ പോകുന്നില്ലേയെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ, -പണക്കാരെല്ലാം ദിവസങ്ങൾക്ക് മുന്‍പേ തന്നെ സ്ഥലംവിട്ടു. അവരുടെ ഫ്ലാറ്റുകൾക്ക് കോടികളുടെ ഇന്‍ഷൂറന്‍സുമുണ്ട്. പക്ഷേ ഞങ്ങളോട് ഈ പഴയ വീടിന് പുറത്തിറങ്ങി നില്‍ക്കണോയെന്ന് പോലും ആരും പറഞ്ഞിട്ടില്ല.-

ഭും... 9 സെക്കന്‍ഡ് 
എഡിഫൈസ് കമ്പനി അധികൃതർ അറിയിച്ച സമയത്ത് തന്നെ സൈറൺ അടിക്കാന്‍ തുടങ്ങി. കൃത്യം രണ്ടരയ്ക്ക് സെക്കന്‍റുകളുടെ അംശത്തിന്‍റെ വ്യത്യാസത്തില്‍ താഴെനിന്നും മുകളിലേക്ക് നൂറുകണക്കിന് സ്ഫോടനങ്ങൾ. ഏറ്റവും മുകളിലെ തൂണിലും സ്ഫോടനം നടന്ന നിമിഷം 29 നിലകളുള സിയാന്‍ ആദ്യം താഴേക്ക് ഊർന്നിറങ്ങിയപോലെ നിലംപതിച്ചു. അതേ സെക്കന്‍ഡില്‍ 33 നിലകളുള്ള അപെക്സ് വീണിടത്തേക്ക് അല്‍പം ചരിഞ്ഞ് നിലംപൊത്തി. എല്ലാം 9 സെക്കന്‍ഡിനുള്ളില്‍തന്നെ കഴിഞ്ഞു. പ്രദേശത്തെ പുക വിഴുങ്ങി. കുത്തനെ ഉയർന്ന പുക പടലങ്ങൾ പിന്നെ മെല്ലെ വ്യാപിച്ച് കിഴക്കോട്ട് നീങ്ങാന്‍ തുടങ്ങി. അടുത്ത് ഗ്രാമത്തിലേക്കോ ആളുകൾ കൂടി നിന്നിടത്തേക്കോ പുകപടലങ്ങളെത്തിയില്ല. കാറ്റിന്‍റെ ഗതി അത്രയ്ക്കും അനുകൂലമായിരുന്നെന്ന് പിന്നീട് എഡിഫൈസ് വിശദീകരിച്ചു. 

twin tower demolished in controlled explosion

കോൺക്രീറ്റ് മല വെല്ലുവിളി 
എൺപതിനായിരം ടൺ മാലിന്യമാണ് ഇരട്ടകെട്ടിടങ്ങൾ അവശേഷിപ്പിച്ചിരിക്കുന്നത്. 90 ദിവസം കൊണ്ട് ഈ മാലിന്യം പ്രദേശത്തുനിന്നും നീക്കി പഴയപടിയാക്കാന്‍ എഡിഫൈസിനെതന്നെയാണ് അധികൃതർ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ നാല്‍പ്പത്താറായിരം ടൺ മാലിന്യം ടവർ നിന്ന സ്ഥലം നികത്തിയെടുക്കാന്‍ ഉപയോഗിക്കും. മുപ്പതിനായിരം ടൺ കെട്ടിട നിർമ്മാണ സാമഗ്രികൾ നിർമ്മിക്കാനായി ഉപയോഗിക്കും. ബാക്കിയായ നാല് ടൺ കമ്പിയും പുനരുപയോഗിക്കുമെന്ന് എഡിഫൈസ് അധികൃതർ അറിയിച്ചു.  പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മാലിന്യം പുനരുപയോഗിക്കും എന്ന് പറയുമ്പോഴും ഈ മാലിന്യം നീക്കാനെടുക്കുന്ന മാസങ്ങളും പ്രദേശവാസികൾക്ക് ആശങ്കയുടേതാണ്. പൊടിപടലങ്ങൾ കുറയ്ക്കാനായി വലിയ ബീമുകളായാണ് കെട്ടിടം വീഴ്ത്തിയിട്ടുള്ളത്. ഈ ബീമുകൾ പൊടിച്ചെടുത്താണ് സ്ഥലത്തുനിന്നും നീക്കുക. പൊടിച്ചെടുക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ അസുഖങ്ങൾക്ക് കാരണമാകുമോയെന്നാണ് ആശങ്ക. 

സ്ഫോടനത്തിന്‍റെ ആഘാതം 
തൊട്ടടുത്തുള്ള എടിഎസ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മതിലിലേക്കും സമീപത്തെ റോഡിലേക്കും അല്‍പം കോൺക്രീറ്റ് മാലിന്യം വീണ് ഒന്നോ രണ്ടോ ജനല്‍ചില്ല് പൊട്ടിയതൊഴിച്ചാല്‍ പദ്ധതി അണുവിട പാളിയിട്ടില്ല. 99.99 ശതമാനവും സ്ഫോടനം വിജയമാണെന്നാണ് ജെറ്റ് ഡെമോളിഷ് കമ്പനിയിലെ എഞ്ചിനീയറും മലയാളിയുമായ അനില്‍ ജോസഫ് പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ചുറ്റും വലിയ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള പ്രദേശത്ത് നിയന്ത്രിത സ്ഫോടനം ഉണ്ടാക്കിയ ആഘാതം എത്രയെന്ന് പഠിക്കാന്‍ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സ്ഫോടനത്തിന് മുന്‍പേതന്നെ കെട്ടിടം നിന്നിരുന്ന സ്ഥലത്തും സമീപത്തുമായി ബ്ലാക്സ് ബോക്സ് അടക്കമുള്ള 20 മോണിറ്ററിംഗ് സിസ്റ്റങ്ങൾ സ്ഥാപിച്ചിരുന്നു. 

twin tower demolished in controlled explosion

ഇവയില്‍നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്ഫോടനം അടുത്തുള്ള കെട്ടിടങ്ങൾക്ക് അടക്കം ഏല്പിച്ച ആഘാതം, മ‍ർദം, പ്രകമ്പനം തുടങ്ങി നിരവധി വിവരങ്ങൾ സൂക്ഷ്മമായി മോണിറ്ററിംഗ് സിസ്റ്റങ്ങൾ ശേഖരിക്കും എന്നാണ് അധികൃതർ അറിയിക്കുന്നത്. ദശലക്ഷക്കണക്കിന് വരുന്ന ഈ ഡാറ്റ പരിശോധിച്ച് വിലയിരുത്തി രണ്ടാഴ്ചയ്ക്കകം ഒരു റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിക്കും. എഡിഫൈസ്  ജെറ്റ് ഡിമോളിഷന്‍ കമ്പനി അധികൃതരും സെന്‍ട്രല്‍ ബില്‍ഡിംഗ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , മദ്രാസ് ഐഐടി എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കുക. ഭാവിയില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന നിയന്ത്രിത സ്ഫോടനങ്ങൾക്ക് ഒരു പാഠപുസ്തകമായിരിക്കും ഈ റിപ്പോർട്ട്. 

അത് കാറ്റ് കൊണ്ടുപോയി 
സ്ഫോടനത്തിലൂടെയുണ്ടാകാന്‍ സാധ്യതയുള്ള അപകടത്തിന്‍റെ അത്രതന്നെ ആശങ്ക സ്ഫോടനം മൂലം ഉയരുന്ന പൊടിപടലങ്ങളെ കുറിച്ചും എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാല്‍ ഭീമാകാരമായ പുക ഉയർന്നതിന് പിന്നാലെ രാവിലെ മുതല്‍ കിഴക്ക് ദിക്കിലേക്കുണ്ടായിരുന്ന കാറ്റ് പൊടിപടലങ്ങളുമായി നീങ്ങി. അങ്ങനെ ആ ആശങ്കയും മാറി. മറ്റൊരു ആശങ്ക, സ്ഫോടന ശേഷമുള്ള പ്രദേശത്തെ വായുമലിനീകരണ തോത് ഉയരുമോ എന്നതായിരുന്നു. ഏറ്റവും പുതുതായി അധികൃതർ പ്രസിദ്ധീകരിച്ച എയർ ക്വാളിറ്റി ഇന്‍ഡക്സിലും സ്ഫോടനത്തിന് ശേഷം പ്രദേശത്തെ വായുമലിനീകരണ തോത് കാര്യമായി ഉയർന്നിട്ടില്ല എന്നതും ആശ്വാസം. 

twin tower demolished in controlled explosion

ഗ്രൗണ്ട് സീറോയില്‍ ഇനി എന്ത്?
കോൺക്രീറ്റ് മാലിന്യം നീക്കി കഴിയുന്നതോടെ ഇനി കെട്ടിടം നിന്നിരുന്ന സ്ഥലത്ത് എന്താകും വരിക  എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രദേശവാസികളും പരാതിക്കാരുമായ സൂപ്പർടെക് ഫ്ലാറ്റ് സമുച്ചയത്തിലുള്ളവരോട് കെട്ടിടം ഫ്ലാറ്റ് വാങ്ങുമ്പോൾ പൂന്തോട്ടമാക്കി നിലനിർത്തും എന്നുപറഞ്ഞ സ്ഥലത്താണല്ലോ ഇരട്ടകെട്ടിടം ഉയർന്നതും കേസിലേക്ക് പോയതും. ഇനി അവിടെ എന്ത് എന്നതില്‍ നിയമ പോരാട്ടം നടത്തിയവർ അന്തിമ തീരുമാനമെടുത്തതായി അറിയിച്ചിട്ടില്ല. പക്ഷേ ഒരു സർക്കാർ ആശുപത്രിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന എന്തെങ്കിലും ഓഫീസോ ആരംഭിച്ചാല്‍ നന്നായിരിക്കും എന്ന ആവശ്യം ചിലർ ഉയർത്തുന്നുണ്ട്. 

twin tower demolished in controlled explosion

അടുത്ത പൊളിക്കല്‍ എവിടെ? 
എഡിഫൈസ് എഞ്ചിനീയറിംഗ്, ജെറ്റ് ഡിമോളിഷന്‍. മരട് ഓപ്പറേഷനോടെ മലയാളികൾക്ക് പരിചിതമാണ് ഈ പേരുകൾ. മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് കമ്പനിയുടെ ബിസിനസ് പങ്കാളികളാണ് സൗത്ത് ആഫ്രിക്ക കേന്ദ്രീകരിച്ചുള്ള ജെറ്റ് ഡെമോളിഷന്‍. ദ ഡെമോളിഷന്‍ മാന്‍ എന്ന വിളിപ്പേരുള്ള ജോസഫ് ബ്രിങ്ക്മാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്വിന്‍ ടവർ ഡെമോളിഷന്‍ ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയത്. മരടിന് ശേഷം ഇന്‍ഡോറിലും റാഞ്ചിയിലും വലിയ കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്താണ് സംഘം നോയിഡയിലെത്തിയത്. അടുത്തത് ജംഷഡ്പൂരിലാണത്രേ സംഘത്തിന്‍റെ ദൗത്യം. ടാറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം ഇതേ രീതിയില്‍ പൊളിച്ചടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് എഡിഫൈസ് ടീമിന്‍റെ ഭാഗമായുള്ള മലയാളി എഞ്ചിനീയർ അനില്‍ ജോസഫ് പറയുന്നത്. പക്ഷേ നോയിഡയിലേത് പോലുള്ള ഭീമാകാരന്‍ കെട്ടിടമല്ല അവിടെ. 

Follow Us:
Download App:
  • android
  • ios