തെലങ്കാനയിലെ ഒരു ക്ഷേത്ര ദര്‍ശനത്തിന് ശേഷം 2019 ല്‍ അപ്പാല രാജുവിന്‍റെ അമ്മയ്ക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യവെയാണ് അപകടത്തില്‍ ഇരട്ടമക്കള്‍ മരണപ്പെട്ടത്.
വിശാഖപട്ടണം: സെപ്തംബര്‍ 15 എന്ന ദിനം ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിച്ചവരാണ് അപ്പല രാജുവും ഭാര്യ ഭാഗ്യലക്ഷ്മിയും. ഈ ദിനത്തിലാണ് രണ്ട് വര്‍ഷം മുന്‍പ് ഈ ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഇരട്ട പെണ്‍കുട്ടികളെ നഷ്ടപ്പെട്ടത്. ഗോദാവരി നദിയില്‍ ഉണ്ടായ ബോട്ട് അപകടത്തിലായിരുന്നു ഈ മരണം. എന്നാല്‍ കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ക്ക് സെപ്തംബര്‍ 15 എന്ന ദിവസം വീണ്ടും സന്തോഷം കൊണ്ടുതന്നു. വീണ്ടും ഈ ദമ്പതികള്‍ക്ക് ഇരട്ടകുട്ടികള്‍, അതും രണ്ട് പെണ്‍കുട്ടികള്‍.
വിശാഖപട്ടണത്തില്‍ ഒരു ഗ്ലാസ് നിര്‍മ്മാണ തൊഴിലാളിയാണ് അപ്പാല രാജു. തെലങ്കാനയിലെ ഒരു ക്ഷേത്ര ദര്‍ശനത്തിന് ശേഷം 2019 ല്‍ അപ്പാല രാജുവിന്‍റെ അമ്മയ്ക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യവെയാണ് അപകടത്തില്‍ ഇരട്ടമക്കള്‍ മരണപ്പെട്ടത്. അന്ന് അപ്പാല രാജുവിന്‍റെ അമ്മയും അപകടത്തില്‍ മരിച്ചിരുന്നു.
പിന്നീട് കുടുംബം തീവ്ര ദു:ഖത്തിലായി. അതിന് ശേഷമാണ് ഐവിഎഫ് ചികില്‍സയിലൂടെ ഭാഗ്യലക്ഷ്മി വീണ്ടും ഗര്‍ഭിണിയായത്. സെപ്തംബര്‍ 15 ന് തന്നെ അവര്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. 1.9, 1.6 കിലോ തൂക്കമുണ്ട് കുട്ടികള്‍ക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
