ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലേക്ക് നീങ്ങിയതോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള വാക്പോരും രൂക്ഷമാവുകയാണ്. പ്രചരണത്തിനിടെ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ ഭക്ഷണം കഴിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അമിത് ഷായ്ക്ക് അരവിന്ദ് കെജ്‍രിവാൾ ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി.

കഴിഞ്ഞ ദിവസം യമുന വിഹാറിലെ പ്രചരണത്തിന് ശേഷം ബിജെപി പ്രവർത്തകന്‍റെ വീട്ടിലായിരുന്നു അമിത് ഷായ്ക്കും ദില്ലി അധ്യക്ഷൻ മനോജ് തിവാരിക്കും രാത്രി ഭക്ഷണം. ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അമിത് ഷാ ഇങ്ങനെ കുറിച്ചു. ബിജെപി കേവലം രാഷ്ട്രീയ പാർട്ടിയല്ല, ഒരു കുടുംബമാണ്.

 

അമിത് ഷായുടെ ചിത്രം റീട്വീറ്റ് ചെയ്ത കെജ്രിവാളിന്‍റെ മറുപടി പിന്നാലെയെത്തി. തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് താങ്കൾ പ്രവർത്തകരെ ഓർത്തത്. കഴിഞ്ഞ അഞ്ച് വർഷം കടുത്ത വിലക്കയറ്റം ജീവിതം ദുസ്സഹമാക്കിയപ്പോൾ അവരുടെ മക്കളുടെ വിദ്യാഭ്യാസം, മുഴുവൻ സമയം വൈദ്യുതി, സൗജന്യ ബസ് യാത്ര തുടങ്ങിയവ നൽകിയത് ആരെന്ന് താങ്കളുടെ പ്രവർത്തകരോട് ചോദിക്കുക. ദില്ലിയിലെ എല്ലാവരും എന്‍റെ കുടുംബമാണെന്നും മൂത്ത പുത്രനെപ്പോലെ അവരുടെ കാര്യങ്ങൾ താൻ ശ്രദ്ധിച്ചു വരികയാണെന്നും കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.

 

ഏതായാലും ആം ആദ്മി പ്രവർത്തകർ കെജ്‍രിവാളിന്റെ മറുപടി ഏറ്റെടുത്ത് കഴിഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധവും ദില്ലിയിലെ സ്കൂളുകളെയും ചൊല്ലിയുള്ള ഇരു നേക്കാളുടേയും വാക്പോര് ഇതോടെ സാമൂഹിക മാധ്യമങ്ങളിലേക്കും കടന്നിരിക്കുകയാണ്.