ദില്ലി: ലഡാക്കിനെ ചൈനയുടെ ഭാ​ഗമായി ചിത്രീകരിച്ച സംഭവത്തിൽ ട്വിറ്റർ രേഖാമൂലം മാപ്പ് അപേക്ഷ നൽകി. പാർലമെന്ററി സമിതിക്ക് മുന്നിൽ ട്വിറ്റർ മാപ്പ് അപേക്ഷ നൽകിയെന്ന് സമിതി ചെയർപേഴ്സൺ മീനാക്ഷി ലേഖി അറിയിച്ചു.

പാർലമെന്ററി സമിതി ട്വിറ്ററിനോട് വിശദീകരണം തേടിയിരുന്നു . ട്വിറ്റർ രേഖാമൂലം മറുപടി നൽകണമെന്നാണ് ഡാറ്റ സുരക്ഷയ്ക്കായുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നത്. 

ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതില്‍ എതിര്‍പ്പ് അറിയിച്ച്‌ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്ക് കേന്ദ്ര സർക്കാർ നേരത്തെ കത്തയച്ചിരുന്നു. ഐടി സെക്രട്ടറി അജയ് സാവ്‌നിയാണ് കത്തയച്ചത്. ഇന്ത്യന്‍ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നു സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.