Asianet News MalayalamAsianet News Malayalam

കനത്ത മഴയിൽ ചെന്നൈയിൽ രണ്ട് മരണം, കാറുകള്‍ ഒഴുകിപ്പോയി, വിമാന സർവീസ് നിർത്തിവെച്ചു

റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

two dead in Chennai amid heavy rain no flights till 11 pm cars swept away SSM
Author
First Published Dec 4, 2023, 2:22 PM IST

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് നാളെ തീരം തൊടാനിരിക്കെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്രമഴ. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്‌റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെന്റ് തോമസ് മെട്രോ സ്‌റ്റേഷനിൽ നാലടിയോളം വെള്ളം കെട്ടിനിന്ന് സ്‌റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. 

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ  സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റരാത്രികൊണ്ട് പെയ്ത കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 5,000 ദുരിതാശ്വാസ കേന്ദ്രങ്ങൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്നലെ രാത്രി സുരക്ഷാ നടപടികൾ അവലോകനം ചെയ്യുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു.ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവള്ളൂർ, കടലൂർ, ചെങ്കൽപട്ട് എന്നീ ജില്ലകളിൽ എട്ട് എൻഡിആർഎഫ്, ഒമ്പത് എസ്ഡിആർഎഫ് ടീമുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മിഗ്ജാമ് ചുഴലിക്കാറ്റ് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ അഞ്ചിന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം  ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Latest Videos
Follow Us:
Download App:
  • android
  • ios