ജില്ലാ കോടതി ചേരുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ തീവ്രതയില്‍ ശുചിമുറിയുടെ ഭിത്തിയും സമീപത്തെ മുറികളുടെ ഗ്ലാസും തകര്‍ന്നു.
അമൃത്സര്‍: പഞ്ചാബിലെ ലുധിയാന ( Punjab Ludhiana ) കോടതി സമുച്ചയത്തിൽ സ്ഫോടനം ( Blast In Court ). ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ജില്ലാ കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കോടതി ചേരുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നു. സ്ഫോടനത്തെ തുടർന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു.
പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. സ്‌ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. എൻഐഎ സംഘവും സ്ഥലത്ത് എത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും ലുധിയാന സന്ദർശിക്കുമെന്നും ചന്നി വ്യക്തമാക്കി. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉപമുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർക്കാർ ഉന്നതതല യോഗം വിളിച്ചു. സഫോടനത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.
