ദില്ലി: ജമ്മുകശ്മീരിൽ നുഴഞ്ഞുകയറിയ രണ്ട് പാക് ഭീകരരെ കരസേന പിടികൂടി. ലഷ്‍കർ ഇ തോയിബയുമായി ബന്ധമുള്ള ഭീകരരാണ് പിടിയിലായത്. 

കഴിഞ്ഞ മാസം 21നാണ് ഈ പാക് ഭീകരരെ  പിടികൂടിയതെന്ന് ചിനാർ കോർപ്സ് കമാൻഡർ ലഫ്റ്റനൻറ് ജനറല്‍ കെ ജെ എസ് ധില്ലൺ അറിയിച്ചു. ജമ്മുകശ്മീരിലേക്ക് ഭീകരരെ അയയ്ക്കാൻ പാകിസ്ഥാൻ എല്ലാ ദിവസവും ശ്രമിക്കുകയാണെന്നും  നുഴഞ്ഞുകയറ്റ ശ്രമം പലതവണ തകർത്തെന്നും കരസേന വ്യക്തമാക്കി. 

അതിനിടെ, ഇന്നലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ ചില്ലുകൾ പ്രതിഷേധക്കാർ തകർത്തതിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു.  ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും  ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെ നടന്ന പ്രകടനത്തിനിടെയാണ് ഇന്ത്യൻ ഹൈക്കമീഷന്‍റെ ചില്ലുകൾ തകർന്നത്.