ഹൈദരാബാദ്: ഹൈദരാബാദ് കച്ചെഗൗഡ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടച്ചു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഹുന്ദ്രി ഇന്‍റര്‍സിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കല്‍ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരു ലോക്കോപൈലറ്റ് ട്രെയിനുകള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. 

സിഗ്നല്‍ പ്രശ്നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നില്‍ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഭാഗ്യവശാല്‍ ഇരു ട്രെയിനുകളും പതിയെയായിരുന്നു സഞ്ചരിച്ചത്. അപകടത്തെക്കുറിച്ച് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു.