ദില്ലി: സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച് യുഎഇ ഇതുവരെയും അന്വേഷണ സന്നദ്ധതയറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റുമായുള്ള ധാരണാപത്രം പരിശോധിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ടിൽ ചൈന പ്രതികരിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചൈനീസ് സർക്കാർ അറിയിച്ചത്. ആരോപണം കേന്ദ്ര സർക്കാർ പരിശോധിക്കുകയാണെന്നും മുപ്പത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർക്ക് നിർദ്ദേശം നൽകിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 

ചൈനീസ് ഐടി-വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷെന്‍സെന്‍ ഡേറ്റ ടെക്നോളജിയാണ് നിരീക്ഷണങ്ങള്‍ നടത്തുന്നതെന്നായിരുന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുറമേ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന  സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥരും ചില മാധ്യമപ്രവർത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് സൂചന. എന്നാൽ ഫോൺ ചോർത്തൽ,ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോർട്ടിലുണ്ടായിരുന്നില്ല.