തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇടതു സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്ന് യുഡിഎഫ്. സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ വിശാല ബെഞ്ചില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും യുഡിഎഫ് യോഗം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരെ കടുത്ത നിലപാടാണ് യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായില്ലെങ്കില്‍ യുഡിഎഫില്‍ വലിയ പ്രശ്നമുണ്ടാകുമെന്ന് മുസ്ലീംലീഗ് മുന്നറിയിപ്പ് നല്‍കി. കോൺഗ്രസിലെ അനൈക്യം മാത്രമാണ് മുന്നണിയിലെ പ്രശ്നമെന്ന് ആർഎസ്‍പിയും തുറന്നടിച്ചു. ഇങ്ങനെ മുന്നോട്ടുപോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും. അതില്‍ തിരിച്ചടിയുണ്ടായാൽ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ഘടകക്ഷികള്‍ അഭിപ്രായപ്പെട്ടു.

പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. പോരായ്മകൾ രണ്ടാഴ്ചക്കകം തിരുത്തുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. എംഎം ഹസ്സന്‍ ആണ് സമിതി കണ്‍വീനര്‍.  14 ജില്ലകളിലെയും യുഡിഎഫ് ഏകോപന സമിതികള്‍ പുനസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.