ദില്ലി: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ ദില്ലി സർവ്വകലാശാല പ്രൊഫസർ ഡോക്ടർ ജിഎന്‍ സായിബാബയെ മോചിപ്പിക്കണമെന്ന് ഇന്ത്യാ ​ഗവൺമെന്റിനോട് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ വിദഗ്ദ്ധർ. ബാബയുടെ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ നടപടി. നാഗ്പൂര്‍ ജയിലില്‍ ഏകാന്തതടവിലാണ് ശാരീരിക വൈകല്യമുള്ള സായിബാബ ഇപ്പോൾ കഴിയുന്നത്.

സായിബാബയ്ക്ക് അടിയന്തിരമായ വൈദ്യസഹായം ആവശ്യമാണെന്നും ജീവനുതന്നെ ഭീഷണി ഉയർത്തുന്ന  ഘട്ടത്തിലാണ് അദ്ദേഹം എത്തി നിൽക്കുന്നതെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. മരുന്നുകളോടൊന്നും അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. രോ​ഗബാധിതനായ സായിബാബയ്ക്ക് അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ജയിലിൽ ലഭ്യാമായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. 

അന്താരാഷ്ട്ര നീതിവ്യവസ്ഥ അനുസരിച്ച് ശാരീരിക വൈകല്യങ്ങളുള്ള തടവുകാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകേണ്ടതുണ്ട്. അത് നൽകാത്ത പക്ഷം തടവുകാരോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവണതയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.

2017ലാണ് സായിബാബ അടക്കം അഞ്ചു പേർക്ക് മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതി​ ജീവപര്യന്തം വിധിച്ചത്. നിര​രോധിത മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ചുവെന്നും ദേശദ്രോഹ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ​വിധിച്ചത്.