ഇതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർത്തുന്ന സംഘങ്ങളെ നേരിടാനുള്ള ബിൽ ലോക്സഭ പാസാക്കി.
ദില്ലി: യുപിഎ കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്രസർക്കാർ ധവളപത്രം പുറത്തിറക്കും. ഈയാഴ്ച അവസാനം പുറത്തിറക്കുമെന്നാണ് സൂചന. ഇതിനായാണ് പാർലമെന്‍റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയതെന്നാണ് വിവരം. യുപിഎ ഭരണകാലത്ത് സാമ്പത്തിക രംഗത്ത് സ്വീകരിച്ച നടപടികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിശദമായി പ്രതിപാദിക്കുന്നതായിരിക്കും ധവളപത്രം. നേരത്തെ ബജറ്റിൽ ഇക്കാര്യം ധനമന്ത്രി സൂചിപ്പിച്ചിരുന്നു. ഇതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർത്തുന്ന സംഘങ്ങളെ നേരിടാനുള്ള ബിൽ ലോക്സഭ പാസാക്കി.
ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. ആരും എതിർത്തില്ല. യുപിഎസ് സി, എസ്എസ്സി, നീറ്റ്, ജെഇഇ, റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് തുടങ്ങിയ പരീക്ഷകളിൽ ക്രമക്കേട് കാട്ടുന്ന സംഘങ്ങൾക്ക് പത്തുവർഷം വരെ തടവും ഒരു കോടി രൂപ പിഴയും കിട്ടാനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ 41 റിക്രൂട്ട്മെൻറ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നിരുന്നു.

