ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം സുഖവിവരം അന്വേഷിച്ച് 'ശല്യപ്പെടുത്തിയ' ഭർത്താവിനെ യുഎസിൽ അറുപത്തിയഞ്ചുകാരി വെടിവെച്ച് കൊന്നു. 15 വർഷമായി ഒപ്പം ജീവിച്ച തിമോത്തി ക്ലട്ട്സിനെയാണ് ഷേരി മിച്ചൽ ക്ലട്ട്സ് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പോലീസിനെ വിളിച്ചറിയിച്ച ഷേരിയെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്പൺ ഹാർട്ട് സർജറിക്ക് ശേഷം തന്‍റെ സുഖവിവരങ്ങൾ അടിക്കടി അന്വേഷിച്ച് 'ശല്യപ്പെടുത്തിയെന്ന' കാരണത്താൽ യുഎസിൽ അറുപത്തിയഞ്ചുകാരി ഭർത്താവിനെ വെടിവെച്ച് കൊന്നു. അലബാമയിലെ റസ്സൽവില്ലിൽ താമസിക്കുന്ന ഷേരി മിച്ചൽ ക്ലട്ട്സ് (65) ആണ്, 15 വർഷമായി ഒന്നിച്ച് ജീവിച്ചിരുന്ന ഭർത്താവ് തിമോത്തി ക്ലട്ട്സിനെ (69) കൊലപ്പെടുത്തിയത്. മെയ് 10 -ന് നടന്ന കൃത്യത്തിന് ശേഷം ഷേരി തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. ഭർത്താവ് തനിക്ക് ഭീഷണിയാണെന്നും അയാളുടെ സാന്നിധ്യം തന്നെ അസ്വസ്ഥമാക്കുന്നുവെന്നുമാണ് ഇവർ ആദ്യം എമർജൻസി കൺട്രോൾ റൂമിൽ പറഞ്ഞത്.

പോലീസിനെ വിളിച്ച് ഭാര്യ

വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ ലിവിംഗ് റൂമിലെ ചാരുകസേരയിൽ നെഞ്ചിൽ വെടിയേറ്റ നിലയിലായിരുന്നു തിമോത്തിയുടെ മൃതദേഹം. 'ന്യൂയോർക്ക് പോസ്റ്റ്' ആണ് ഈ വിചിത്രമായ കൊലപാതക വാർത്ത പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് ഫ്രാങ്ക്ലിൻ കൗണ്ടി ഷെരീഫ് ഷാനൻ ഒലിവർ പറയുന്നത് ഇങ്ങനെ: "ഞാൻ സംഭവസ്ഥലത്ത് എത്തുമ്പോൾ അവർ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആ സമയത്ത് അവരുടെ മനസ്സിൽ എന്തായിരുന്നുവെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല."

അനാവശ്യമായ സുഖാന്വേഷണം

തുടക്കത്തിൽ സ്വയം രക്ഷയ്ക്കായി ഭർത്താവിനെ വെടിവെച്ചതാണെന്ന രീതിയിലാണ് ഷേരി സംസാരിച്ചത്. എന്നാൽ, വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുവന്നു. രണ്ടാഴ്ച മുൻപാണ് ഷേരി ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയയായത്. തുടർന്ന് മുറിയിൽ വിശ്രമിക്കുകയായിരുന്ന തന്‍റെ അരികിലേക്ക് ഭർത്താവ് ഇടയ്ക്കിടെ വന്ന് കാര്യങ്ങൾ തിരക്കുന്നത് തന്നെ ദേഷ്യം പിടിപ്പിച്ചുവെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.

Scroll to load tweet…

വെടിവച്ചത് ഭാര്യ

ഭർത്താവിന്‍റെ ചോദ്യങ്ങളിൽ അസഹിഷ്ണുത തോന്നിയ ഷേരി, കൈത്തോക്കുമായി അയാൾ മുറിയിലേക്ക് വരുന്നതും കാത്തിരുന്നു. എന്നാൽ, ഏറെ നേരമായിട്ടും തിമോത്തി വരാതിരുന്നതോടെ ഇവർ തോക്കുമായി ഭർത്താവിനെ തിരഞ്ഞ് ഇറങ്ങുകയായിരുന്നു. ഒടുവിൽ ചാരുകസേരയിൽ ഇരിക്കുകയായിരുന്ന തിമോത്തിയുടെ നെഞ്ചിലേക്ക് ഷേരി വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. ഈ കേസ് അത്ര ലളിതമല്ലെന്നും, പ്രതിയുടെ കൃത്യമായ മാനസികാവസ്ഥ മനസ്സിലാക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഷെരീഫ് ഒലിവർ വ്യക്തമാക്കി.

പ്രതിയുടെ മാനസികാവസ്ഥ

സാധാരണ കേസുകളിൽ പ്രതികളെ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനും ബുദ്ധിമുട്ടാറുണ്ട്, എന്നാൽ, ഈ കേസിൽ പ്രതി കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും, അവർക്കിടയിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. നിലവിൽ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഷേരിയെ ഫ്രാങ്ക്ലിൻ കൗണ്ടി ജയിലിൽ അടച്ചിരിക്കുകയാണ്.