ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ദില്ലി: ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആപ്പിൾ കമ്പനിയുടെ പങ്കാളിത്തം ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിലും സാധ്യമാക്കാനാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.ടിം കുക്കുമായുള്ള കൂടികാഴ്ച പലതലങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് രാജീവ് ചന്ദ്രശേഖർ പറ‍ഞ്ഞു.

'ആപ്പിൾ സിഇഒ ടിം കുക്കുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷം നൽകുന്നു, ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ തന്ത്രപരവും ദീർഘവുമായ പങ്കാളിത്തം ഉറപ്പാക്കാൻ ആപ്പിളും അവരുടെ ടീമും പ്രവ‍ര്‍ത്തിക്കും. ഉൽപ്പാദനം, കയറ്റുമതി, യുവാക്കളുടെ വൈദഗ്ധ്യ വിപുലീകരണം, നൂതന സമ്പദ്‌വ്യവസ്ഥ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചര്‍ച്ച ചെയ്തു' - എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആപ്പിൾ സിഇഒ ടിം കുക്കും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച ടിം കുക്ക് രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റ് ചെയ്തു.

വ‍‍ര്‍ഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഇലക്ടോണിക്സിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ്‍ പ്രവ‍ര്‍ത്തിച്ച പ്രധാനമന്ത്രിയെ ടിം അഭിനന്ദിച്ചു. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും ടിം കുക്ക് ട്വിറ്ററിൽ കുറിച്ചു.ടിം കുക്കുമായുള്ള ചർച്ച സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. നാളെയാണ് ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ദില്ലിയിൽ പ്രവർത്തനമാരംഭിക്കുന്നത്.

Read more: മുംബൈയുടെ തനത് രുചി ആസ്വദിച്ച് ടിം കുക്ക്; ഇതിലും മികച്ച സ്വഗതമില്ലെന്ന് മാധുരി ദീക്ഷിത്