ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇനി പാകിസ്ഥാനുമായി ചർച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താതെ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഹരിയാനയിൽ ബിജെപിയുടെ ജൻ ആശിർവാദ് യാത്രയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിം​ഗ്.

കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടുവെന്നും അനുച്ഛേദം 370 എടുത്തുകളഞ്ഞ കാര്യത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ മറ്റു രാജ്യങ്ങളുടെ വാതിലുകൾ മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ബാലാകോട്ടിൽ നടത്തിയ പോലെ വലിയ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി രണ്ട് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. അതിനർത്ഥം ബാലക്കോട്ടിൽ ഇന്ത്യ ചെയ്ത കാര്യങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രി അംഗീകരിക്കുന്നുവെന്നതാണെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

 

കശ്മീര്‍ പുനഃസംഘടനയെ ചൊല്ലിയുള്ള പോര്  ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎന്‍ രക്ഷാസമിതി നിലപാടെടുത്തതിന് പിന്നാലെയാണ് ഇന്ത്യ നയം വ്യക്തമാക്കിയിരിക്കുന്നത്. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഈ മേഖലയ്ക്ക് വേണ്ടി ജീവന്‍ നല്‍കാൻ തയ്യാറാണെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ കശ്മീര്‍ ചര്‍ച്ചക്കിടെ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ പുനഃസംഘടനക്ക് പിന്നാലെ പാക് അധിനിവേശ കശ്മീര്‍ കൈവിടുമോയെന്ന ആശങ്ക പാകിസ്ഥാനുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അതേസമയം, പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇൻറർനെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഇന്നും കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും. 

പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സ‍ർക്കാർ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.370 റദ്ദാക്കിയതിന് പിന്നാലെ ശക്തമായ  നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. കശ്മീർ താഴ്‍വര ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളിലാണ്. അവിടെ തൽക്കാലം നിയന്ത്രണങ്ങൾ പതുക്കെ മാത്രമേ നീക്കൂ എന്നാണ് സൂചന.