ലഖ്‍നൗ: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിനെ നേരത്തേ സസ്പെൻഡ് ചെയ്തതാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. എംഎൽഎയ്ക്ക് എതിരെ നേരത്തേ നടപടിയെടുത്തതാണെന്നും, ആ നടപടി ഇപ്പോഴും തുടരുന്നുവെന്നും സ്വതന്ത്ര ദേവ് സിംഗ് ലഖ്‍നൗവിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നേരത്തേ എംഎൽഎയെ സസ്പെൻഡ് ചെയ്തത് സംബന്ധിച്ച് വാർത്താക്കുറിപ്പൊന്നും ബിജെപി ഇറക്കിയിരുന്നില്ല. പാർട്ടി വക്താവ് രാകേഷ് ത്രിപാഠി വ്യക്തമാക്കുന്നത്, എംഎൽഎയെ കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തുവെന്നാണ്. 

''സിംഗിനെ നേരത്തേ സസ്പെൻഡ് ചെയ്തതാണ്. കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയുമാണ്'', എന്ന് സ്വതന്ത്രദേവ് സിംഗ് പറയുന്നു.

ഇതിനിടെ, വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ അമ്മായിയുടെ അവസാന ചടങ്ങുകളിൽ പങ്കെടുക്കാൻ ജയിലിലുള്ള അമ്മാവന് അലഹബാദ് ഹൈക്കോടതി ഒരു ദിവസത്തേക്ക് പരോൾ അനുവദിച്ചു. അമ്മായിക്ക് ഒപ്പം റായ്‍ബറേലിയിലെ ജയിലിൽ ഉള്ള അമ്മാവനെ കണ്ട് മടങ്ങി വരവെയാണ് പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്. നേരത്തേ, കേസിൽ സ്വതന്ത്രാന്വേഷണം നടത്തുമെന്ന ഉറപ്പ് വേണമെന്നും ജയിലിലുള്ള പെൺകുട്ടിയുടെ അമ്മാവന് പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. 

ഇതിനിടെ യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി. കേസിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് ദിനേശ് ശർമ ഉറപ്പ് നൽകി. 

അതേസമയം, തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകിയിരുന്നെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ഈ വർഷം ജൂലൈ 12-നാണ് ഉന്നാവ് പെൺകുട്ടി കത്ത് നൽകിയിരിക്കുന്നത്. തനിക്കെതിരെ ഭീഷണിയുയർത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കത്തിൽ പെൺകുട്ടി ആവശ്യപ്പെടുന്നു.

''കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചിലർ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്‍റെ കുടുംബത്തെ കള്ളക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്'', എന്ന് കത്തിൽ പെൺകുട്ടി പറയുന്നു. എന്നാൽ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ നടപടികളൊന്നുമുണ്ടായതായി സൂചനകളില്ല.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയ ശേഷം പതിനാറാം ദിവസമാണ് പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവഗുരുതരമാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പെൺകുട്ടിയുടെ അഭിഭാഷകന്‍റെ നിലയും അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയോടൊപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കളും അപകടത്തിൽ മരിച്ചിരുന്നു.

അപകടസമയത്ത് സ്ഥിരം പെൺകുട്ടിയോടൊപ്പം ഉണ്ടാകാറുള്ള സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല എന്നതും ദുരൂഹത കൂട്ടി. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.