അയോധ്യ സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ഗുപ്തയുടെ പ്രസ്താവനയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. മുഖ്യമന്ത്രിക്ക് വേണ്ടി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് ജനവിധി തേടാന്‍ സാധ്യതയെന്ന് അഭ്യൂഹം. അയോധ്യ സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ഗുപ്തയുടെ പ്രസ്താവനയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. മുഖ്യമന്ത്രിക്ക് വേണ്ടി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''ഇത് അഭിമാനത്തിന്റെ കാര്യമാണ്. മുഖ്യമന്ത്രി അയോധ്യയില്‍ നിന്ന് ജനവിധി തേടിയാല്‍ അത് ഞങ്ങളുടെയെല്ലാം ഭാഗ്യമാകും. ആരാണ് മത്സരിക്കുന്നതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുക. അയോധ്യ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്''-അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് മുന്നിലുണ്ടാകുമെന്നും യുപിയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ജനങ്ങള്‍ക്കായി എംഎല്‍എ എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയുള്‍പ്പെടെ തകര്‍ന്നിരിക്കാമെന്നും ആര് എവിടെ മത്സരിക്കുന്നു എന്നതല്ല പ്രശ്‌നമെന്നും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം വേണമെന്നും സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുകയാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും നടപ്പാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona