Asianet News MalayalamAsianet News Malayalam

'പ്രതികാര' നടപടികള്‍ തുടങ്ങി യോഗി സര്‍ക്കാര്‍; 25 ലക്ഷം അടക്കാന്‍ 28 പേര്‍ക്ക് നോട്ടീസ്

പ്രതിഷേധ സമരത്തിനിടെ ആക്രമണം അഴിച്ചുവിട്ട 28 പേരെ കണ്ടെത്തി നോട്ടീസ് അയച്ചു. അവരുടെ ഭാഗം വിശദീകരിക്കാന്‍ ഏഴ് ദിവസം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി തുടങ്ങുമെന്ന് രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഔജന്യ സിംഗ് പിടിഐയോട് പറഞ്ഞു. 

UP government sent notice to 28 protesters after Yogi's revenge remark
Author
Lucknow, First Published Dec 25, 2019, 6:40 PM IST

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുനേരെ പ്രതികാര നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമരക്കാര്‍ക്കുനേരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയതിന് പിന്നാലെ സമരത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് 25 ലക്ഷം രൂപ അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനാണ് നോട്ടീസ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യം 15 ലക്ഷം രൂപയുടെ നാശനഷ്ടമായിരുന്നു കണക്കാക്കിയത്. എന്നാല്‍ പിന്നീട് 25 ലക്ഷമാക്കി ഉയര്‍ത്തി. 

പ്രതിഷേധ സമരത്തിനിടെ ആക്രമണം അഴിച്ചുവിട്ട 28 പേരെ കണ്ടെത്തി നോട്ടീസ് അയച്ചു. അവരുടെ ഭാഗം വിശദീകരിക്കാന്‍ ഏഴ് ദിവസം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി തുടങ്ങുമെന്ന് രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഔജന്യ സിംഗ് പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാംപൂരില്‍ നടന്ന പ്രക്ഷോഭത്തിനിടെയുള്ള നാശനഷ്ടങ്ങളുടെ പേരിലാണ് നടപടി.

പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിക്കുകയും ബാരിക്കേഡ് തകര്‍ക്കുകയും ബൈക്കുകളും പൊലീസ് വാഹനവും കത്തിക്കുകയും ചെയ്തെന്ന് പൊലീസ് ആരോപിച്ചു. പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 31 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ പ്രക്ഷോഭകാരികള്‍ക്കുനേരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.

അതിനിടെ ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചതോടെയാണ് എണ്ണം ഉയര്‍ന്നത്. 

Follow Us:
Download App:
  • android
  • ios