ലക്നൗ: പൗരത്വബില്സിനെതിരായ പ്രക്ഷോഭത്തിനിടെ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെത്തിയ മന്ത്രി മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാതെ മടങ്ങിയത് വിവാദമാകുന്നു. യോഗി മന്ത്രിസഭയിലെ അംഗമായ കപില്‍ ദേവ് അഗര്‍വാള സംഘര്‍ഷബാധിതമേഖലകളില്‍ സന്ദര്‍ശനം നടത്തുകയും മരണപ്പെട്ടവരുടെ വീടുകള്‍ ഒഴിവാക്കുകയും ചെയ്തത്. 

ബിജ്നോര്‍ ജില്ലയിലെ നെഹാതൂര്‍ സന്ദര്‍ശിച്ച മന്ത്രി പ്രദേശവാസിയും സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്ത ഓം രാജ് സൈനിയേയും കുടുംബത്തേയും വീട്ടിലെത്തി കണ്ടു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട രണ്ട് മുസ്ലീം യുവാക്കളുടെ വീടുകളും ഇതേ മേഖലയില്‍ ഉണ്ടായിരുന്നുവെങ്കിലും  അവരുടെ വീടുകള്‍ മന്ത്രി ഒഴിവാക്കി. യുവാക്കളിലൊരാള്‍ പൊലീസ് വെടിവെപ്പിലാണ് കൊലപ്പെട്ടത്. 

ഇതേക്കുറിച്ച് പിന്നീട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ എന്തിന് കലാപകാരികളുടെ വീട്ടിലേക്ക് പോകണമെന്ന മറുചോദ്യമാണ് ചോദിച്ചത്. അക്രമം അഴിച്ചു വിടുക എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. അവരെങ്ങനെയാണ് സമൂഹത്തിന്‍റെ ഭാഗമാകുക. എന്തിനാണ് ഞാന്‍ അവരുടെ വീട്ടില്‍ പോകുന്നത്. ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്നമല്ല. കലാപകാരികളുടെ വീട്ടിലേക്ക് ഞാന്‍ പോകേണ്ടതില്ല - മന്ത്രി പറയുന്നു.