ഉറുദു കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മുന്നവര്‍ റാണയുടെ മക്കളായ സുമയ്യ റാണ, ഫൗസിയ റാണ എന്നിവര്‍ക്കെതിരെയാണ് താക്കൂര്‍ഗഞ്ച് പൊലീസ് കേസെടുത്തത്. 

ലഖ്നൗ: ലഖ്നൗ ക്ലോക്ക് ടവറില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ അനിശ്ചിത കാല സമരം നടത്തുന്ന സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് യുപി പൊലീസ്. കലാപ ശ്രമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് സ്ത്രീകള്‍ക്കെതിരെ കേസെടുത്തത്. പേരറിയാത്ത 135ഓളം സ്ത്രീകള്‍ക്കെതിരെ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചും കേസെടുത്തു. 

ഉറുദു കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മുന്നവര്‍ റാണയുടെ മക്കളായ സുമയ്യ റാണ, ഫൗസിയ റാണ എന്നിവര്‍ക്കെതിരെയാണ് താക്കൂര്‍ഗഞ്ച് പൊലീസ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വനിതാപൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസ് നടപടിക്കെതിരെ സുമയ്യ റാണ രംഗത്തുവന്നു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും കുട്ടികളും സ്ത്രീകളും മാത്രമാണ് സമര രംഗത്തുള്ളതെന്നും സുമയ്യ പറഞ്ഞു. ദേശഭക്തി ഗാനങ്ങള്‍ ചൊല്ലിയാണ് സമരം നടത്തുന്നത്. ഞങ്ങള്‍ എന്ത് കുറ്റമാണ്. പൊലീസിന്‍റെ നിയമനടപടികള്‍ നേരിടുമെന്നും അവര്‍ പറഞ്ഞു. 

ദില്ലിയിലെ ഷഹീന്‍ബാഗിന് സമാനമായി വെള്ളിയാഴ്ചയാണ് ലഖ്നൗവിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവറിന് സമീപം അമ്പതോളം സ്ത്രീകളും കുട്ടികളും സമരം തുടങ്ങിയത്. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം സമരക്കാരുടെ എണ്ണം വര്‍ധിച്ചു. ഇപ്പോള്‍ നൂറുകണക്കിന് ആളുകളാണ് സമരസ്ഥലത്തേക്ക് എത്തുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്. നേരത്തെ, സമരത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.