ജാനകിയുമായി ഇനി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പൊലീസ് സ്റ്റേഷനിൽ എഴുതി നൽകി

ലക്ക്നൗ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌ നഗറിൽ നാല് കുട്ടികളുടെ അമ്മയായ സ്ത്രീ ഭർത്താവിന്‍റെ രേഖാമൂലമുള്ള സമ്മതത്തോടെ തന്റെ കാമുകനോടൊപ്പം പോയി. പർസ മുർത്ത ഗ്രാമത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഏകദേശം 20 വർഷത്തിനുശേഷം ജാനകി ദേവി (40) എന്ന സ്ത്രീ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജാനകി ദേവിയുടെ ഭര്‍ത്താവ് രാം ചരൺ (47) മുംബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ ജാനകി ഗ്രാമത്തിലുള്ള സോനു പ്രജാപതി എന്ന 24 കാരനുമായി പ്രണയത്തിലായി. ഏകദേശം ഒരു വർഷം മുമ്പ് അവർ ഒരുമിച്ച് താമസിക്കാനും തുടങ്ങി. ആറോ ഏഴോ മാസം സോനുവിനൊപ്പം താമസിച്ച ജാനകി പിന്നീട് രാം ചരണിന്റെ വീട്ടിലേക്ക് മടങ്ങി ക്ഷമാപണം നടത്തി വീണ്ടും അദ്ദേഹത്തോടൊപ്പം താമസം തുടങ്ങിയതായിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം വീണ്ടും ജാനകി സോനുവിനൊപ്പം പോയി. തുടര്‍ന്ന് രാം ചരണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാൽ ജൂലൈ 20 ന് രാം ചരണ്‍ ഭാര്യയുടെ കാമുകനെതിരെ പൊലീസില്‍ നൽകിയ പരാതി പിൻവലിച്ചു. മാത്രമല്ല, ജാനകിയുമായി ഇനി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഭവാനിഗഞ്ച് പൊലീസ് സ്റ്റേഷനിൽ എഴുതി നൽകുകയും ചെയ്തു. അവൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാം എന്നും അയാൾ പൊലീസില്‍ നല്‍കിയ കുറിപ്പില്‍ പറയുന്നു. 'കുട്ടികൾ എന്നോടൊപ്പം ജീവിക്കും. ഭാര്യ എന്നെ അപായപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. മുമ്പ് അവൾ ക്ഷമ ചോദിച്ച് വന്നപ്പോൾ ഞാന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇനി അത് ആവര്‍ത്തിക്കില്ല' എന്ന് രാം ചരണ്‍ പൊലീസില്‍ എഴുതി നല്‍കിയ കുറിപ്പില്‍ പറയുന്നു.

YouTube video player