Asianet News MalayalamAsianet News Malayalam

7.8 കോടി ആളുകളുടെ ആധാര്‍ വിവരം ചോര്‍ത്തി; ഐടി കമ്പനിക്കെതിരെ കേസ്

തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി)  സേവ മിത്ര ആപ്ലിക്കേഷനുവേണ്ടിയാണ് ഇത്രയും പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ആരോപണമുണ്ട്.

Using aadhar data for making TDP's app; FIR registered
Author
Hyderabad, First Published Apr 14, 2019, 11:39 AM IST

ഹൈദരാബാദ്: ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ഐടി കമ്പനിക്കെതിരെ സൈദരാബാദ് പൊലീസ് എഫ്ഐആര്‍ രജിസ‍റ്റര്‍ ചെയ്തു. യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) പരാതി പ്രകാരമാണ് ഐടി ഗ്രിഡ്(ഇന്ത്യ) എന്ന കമ്പനിക്കെതിരെ കേസെടുത്തത്. തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി)  സേവ മിത്ര ആപ്ലിക്കേഷനുവേണ്ടിയാണ് ഇത്രയും പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ആരോപണമുണ്ട്. സ‍റ്റേറ്റ് ഡാറ്റാ ഹബില്‍നിന്നോ കേന്ദ്ര ഡാറ്റ ശേഖരത്തില്‍നിന്നോ ആകാം ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. 

ടിഡിപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ആരോപണമുണ്ട്. എന്നാല്‍, ആധാര്‍ ചോര്‍ത്തലുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ക്ഷേമപദ്ധതികളുടെ ഗുണഭോക്തക്കളെ പരിശോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ടിഡിപി വക്താക്കള്‍ പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. ഭവാനിപ്രസാദ് പറഞ്ഞു. 

ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 500 രൂപക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്ന് ഏജന്‍സിയുടെ വാഗ്ദാനം സ‍റ്റിങ് ഓപറേഷനിലൂടെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. എന്നാര്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകില്ലെന്നും സുരക്ഷിതമാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെയും യുഐഡിഎഐയുടെയും വാദം. 

Follow Us:
Download App:
  • android
  • ios