ഉത്തർപ്രദേശ് മൂന്നു ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നാളെ രാത്രി 10 മുതൽ ജൂലൈ 13 ന് പുലർച്ചെ അഞ്ച് വരെയാണ് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്


ലഖ്‌നൗ: ഉത്തര്‍പ്രദേശ് മൂന്നു ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ രാത്രി 10 മുതല്‍ ജൂലൈ 13 ന് പുലര്‍ച്ചെ അഞ്ച് വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. എല്ലാ ഓഫീസുകളും മാര്‍ക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അടയ്ക്കും. മെഡിക്കല്‍, എമര്‍ജന്‍സി സേവനങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. അതേസമയം ട്രെയിന്‍ സര്‍വീസുകള്‍ തുടരുമെന്നും ലോക്ക്‌ഡൌണ്‍ കാലയളവില്‍ എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

യുപിയില്‍ നിന്ന് ഇതുവരെ 31,156 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക്. 20,331 പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ പറയുന്നു. നിലവില്‍ 9,980 പേരാണ് ചികിത്സയിലുള്ളത്. അസം സര്‍ക്കാര്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ എട്ട് ദിവസത്തേക്ക് ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. 24 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാരാണാസിയിലെ സന്നദ്ധ സംഘടനകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ സംവാദത്തിലാണ് മോദിയുടെ പരാമര്‍ശം. 

യുപിയുടേതിന് സമാനമായ ജനസംഖ്യയുള്ള ബ്രസീലില്‍ 65,000ത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണം എണ്ണൂറില്‍ പിടിച്ച് കെട്ടാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്തെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം മാതൃകപാരമാണെന്നും സാമൂഹിക അടുക്കളയുള്‍പ്പടെ ഒരുക്കുന്നതിലെ ഇടപെടലുകള്‍ എടുത്തുപറയേണ്ടതാണെന്നും മോദി വ്യക്തമാക്കി.