ഡെറാഡൂൺ: സിയാച്ചിനിലെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകൾ അയയ്ക്കാൻ തീരുമാനിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. കൊടും ശൈത്യമേഖലയായ സിയാച്ചിന്‍, ലാഡാക്ക് എന്നിവിടങ്ങളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളും ആവശ്യമായ റേഷനും നല്‍കുന്നില്ലെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് കോൺ​ഗ്രസിന്റെ തീരുമാനം.

"സിയാച്ചിൻ, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സൈനികർക്ക് വസ്ത്രം, സ്നോ ബൂട്ട്, ഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇത് നാണക്കേടാണ്. നമ്മുടെ സൈനികര്‍ക്ക് 100 സ്നോ ബൂട്ടുകള്‍ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് സൈനികര്‍ക്ക് സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു"- ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ സൂര്യകാന്ത് ദസ്മാന പറഞ്ഞു.

2015-16, 2017-18 കാലഘട്ടത്തിൽ പുതിയ ജാക്കറ്റുകളും, ബൂട്ടുകളും, സ്‍ലീപ്പിംഗ് ബാഗുകളും ലഭിച്ചില്ല. കൊടും തണുപ്പിലും സൈനികര്‍ പഴയവ തന്നെ ഉപയോഗികേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി ആണ് സിയച്ചിനിൽ രേഖപ്പെടുത്തിയ താപനില. മഞ്ഞിനെ പ്രതിരോധിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നൂതന നിലവാരത്തിലുള്ളവ ലഭ്യമാക്കണമെന്നിരിക്കെ സൈനികരെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

സിയച്ചിനിൽ ജോലി ചെയ്യുന്ന ഒരു സൈനികന് മാത്രം തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾക്കായി ചെലവാക്കാൻ അനുവദിച്ചിട്ടുള്ളത് 1ലക്ഷം രൂപയാണ്. എന്നാൽ ഇത് ഉപയോഗിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.