Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം മൂന്നാംദിനം; കണ്ടെത്താനുള്ളത് 197 പേരെയെന്ന് ദുരന്ത നിവാരണ സേന

uttarakhand glacier burst rescue operation continues
Author
Delhi, First Published Feb 9, 2021, 7:10 AM IST

ദില്ലി: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 197 പേരെ കൂടി കണ്ടെത്താൻ ഉണ്ടെന്നാണ് ഉത്തരാഖണ്ഡ് ദുരന്ത നിവാരണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തപോവനിലെ തുരങ്കത്തിൽ കുടുങ്ങിയ 35 പേരെ കണ്ടെത്താൻ ആയി രാത്രി വൈകിയും തിരച്ചിലും തുടരുകയാണ്. ചെളിയും മണ്ണും അടിഞ്ഞു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം പ്രയാസകരമാണ്. ദുരന്തത്തിൽ മരിച്ച 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. അപകടത്തിൽ കശ്മീരിലെ എൻജിനീയറെ കാണാതായതായി ബിഹാർ പൊലീസ് അറിയിച്ചു.

തപോവനിലെ തുരങ്കത്തിലെ മണ്ണും ചെളിയും കാരണം രക്ഷാപ്രവർത്തകർക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റർ ആണ് തുരങ്കത്തിന്‍റെ നീളം. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുകയാണ്. ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എൻഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും  രക്ഷാപ്രവർത്തകര്‍  പറയുന്നു.  

പ്രളയത്തില്‍ ആറ് ഗ്രാമങ്ങള്‍  ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയിരുന്നു. ചമേലിയില്‍ ഡിആ‍ർഡിഒ നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ ഗ്ലോഫാകാം ദുരന്തത്തിന് കാരണമെന്നാണ് വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios